വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും പാചക വാതക വില വർധിപ്പിച്ചത് ജനങ്ങളോടുള്ള മോദി സർക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നത് : വി.ഡി. സതീശൻ

02:45 PM Apr 08, 2025 | AVANI MV


തിരുവനന്തപുരം: വിപണിയിൽ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും പാചക വാതക വില വർധിപ്പിച്ചത് ജനങ്ങളോടുള്ള മോദി സർക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതാണ്. പാചക വാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്താരഷ്ട്ര സബ്‌സിഡി അർഹതയുള്ള ഉപഭോക്താക്കളെയും നിരക്ക് വർധനയിൽ നിന്നും ഒഴിവാക്കാൻ സർക്കാർ തയാറായിട്ടില്ല. ഇത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പെട്രോൾ- ഡീസൽ തീരുവയും വർധിപ്പിച്ചിട്ടുണ്ട്. വില പ്രത്യക്ഷത്തിൽ ഉപഭോക്താക്കളെ ബാധിക്കില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയിലുള്ള ഇടിവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ സർക്കാർ തന്നെ കവർന്നെടുക്കുകയാണ്.

സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് നൂറു രൂപയ്ക്ക് മുകളിലായിട്ട് കാലങ്ങളായി. ഡീസൽ വിലയും നൂറ് രൂപയോട് അടുക്കുകയാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് അന്തരാഷ്ട്ര വിപണിയിൽ അംസ്‌കൃത എണ്ണ വില വർധിച്ചതിനെ തുടർന്ന് ഇന്ധന വില നാമമാത്രമായി വർധിപ്പിച്ചപ്പോൾ കാളവണ്ടി സമരം നടത്തിയ ബി.ജെ.പി നേതാക്കൾക്ക് ഇപ്പോൾ മിണ്ടാട്ടമില്ലാത്തത് അദ്ഭുതകരമാണ്. പാവങ്ങളുടെ പോക്കറ്റടിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസും യു.ഡി.എഫും മുന്നോട്ട് പോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.