മലപ്പുറം : മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളത്. സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല.
മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം. മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു.
ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. എന്നാൽ, ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്.
ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ പോലും ഒന്നും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.