തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേസിൽ പ്രതി അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാങ്ങോട് പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടത്. പിതൃമാതാവായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കോടതിയോട് മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രതിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പും നടത്തും.
സൽമാബീവിയയുടെ വീട്ടിലും ആഭരണങ്ങൾ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് 4 പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങൾ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്. അതിനാൽ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയിൽ വാങ്ങലാകും ഉണ്ടാകുക. ഇതിൽ നാല് കൊലപാതകങ്ങളും വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ്. അഫാന്റെ മാതാവ്, സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ സഹോദരൻ, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ.
മാത്രമല്ല, ആഭരണം പണയം വെച്ചത്, ആയുധം-വിഷം-മദ്യം എന്നിവ വാങ്ങിയത്, ഓട്ടോയിൽ സഞ്ചരിച്ചതുമെല്ലാം വെഞ്ഞാറമൂട് കേന്ദ്രീകരിച്ചാണ്. പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്റ്റേഷൻ പരിധിലാണ്. കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വെഞ്ഞാറമൂട്, പാങ്ങോട്, കിളിമാനൂർ സി.ഐമാരുടെ യോഗം ചേർന്നിരുന്നു. സാമ്പത്തിക ബാധ്യതകളാണ് കൂട്ടക്കൊലക്ക് പ്രേരണയായതെന്ന മൊഴിയിലാണ് അഫാൻ ഉറച്ചുനിൽക്കുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ എന്തുകൊണ്ട് ഇത്രയധികം കടമുണ്ടായെന്ന കാര്യത്തിൽ വ്യക്തത വരൂ.