വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം : അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

03:00 PM Mar 18, 2025 | AVANI MV

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്.

പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായാണ് കൂട്ടക്കൊലപാതകത്തിലെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  രാവിലെ ഒമ്പതരയോടെ പ്രതിയെ പോലീസ് സ്റ്റേഷനിൽ നിന്ന് ആദ്യം കൊലപാതകം നടന്ന പേരുമലയിലെ വീട്ടിലേക്ക് കൊണ്ട് പോയി. 


സഹോദരൻ അഹ്‌സാൻ്റെയും പെൺസുഹൃത്ത് ഫർസാനയുടെയും കൊലപാതകങ്ങളിലെ തെളിവെടുപ്പാണ് ഇന്ന് നടന്നത്. 
പിതൃ സഹോദരൻ ലത്തീഫിനെയും ഭാര്യ സാജിദയെയും കൊന്നതിന് ശേഷം വീട്ടിൽ മടങ്ങി എത്തിയാണ് അഫാൻ അഹ്സാനെയും ഫർസാനയെയും അടിച്ചുവീഴ്ത്തിയത്. വീട്ടിലേക്ക് കയറിയ വിധവും കൊലപാതകരീതിയും  പ്രതി പോലീസിന് മുന്നിൽ വിശദീകരിച്ചു. ഇതിനു ശേഷം സ്വർണം പണയംവച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും തെളിവെടുപ്പ് നടന്നു.

Trending :

പെപ്സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പോലീസ് ഒരിക്കൽ കൂടി പ്രതിയെ എത്തിച്ചു. ഫർസാനയെ ബൈക്കിൽ കൂടെക്കൂട്ടിയ വഴിയിൽ തെളിവെടുത്ത ശേഷം പ്രതിയെ തിരികെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായതിനാൽ വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.