
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെറുതെ വിട്ടതിന് പിന്നാലെ നടന് ദിലീപ് ആദ്യം നന്ദി പറഞ്ഞത് അഭിഭാഷകനായ ബി.രാമന് പിള്ളയോടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോടുമാണ്. കോടതിയില്‍ നിന്നിറങ്ങിയ ശേഷം ദീലീപ് നേരെ രാമന് പിള്ളയുടെ അടുത്തെത്തുകയും നന്ദി അറിയിക്കുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. ദീലീപിനെ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ രാമന് പിള്ള നടനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്നും ആരോപിക്കുകയുണ്ടായി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു ബി.സന്ധ്യയെ ലക്ഷ്യമിട്ടായിരുന്നു രാമന് പിള്ളയുടെ ആരോപണം.
'സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. ന്യായമായ ഒരു വിധി താന്‍ പ്രതീക്ഷിച്ചതാണ്' രാമന് പിള്ള പറഞ്ഞു.അതിജീവിതയുടെ അമ്മ, കൂട്ടുകാരി രമ്യാ നമ്പീശന് തുടങ്ങിയരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. സിനിമയിലോ അല്ലാതെയോ ഒരു ശത്രുക്കളും അതിജീവിതയ്ക്ക ഇല്ലെന്ന് ഇവരെല്ലാം മൊഴി നല്‍കിയിരുന്നു. പി.ടി.തോമസിന് ഒന്നും അറിയില്ല. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയത്. സത്യമായ ഒരു തെളിവും ഈ കേസില്‍ ഇല്ലെന്നും രാമന് പിള്ള പറഞ്ഞു.
ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണ്. ദിലീപിനെ പ്രതിയാക്കാന്‍ മാത്രമായി ഒരു സീനിയര്‍ ഉദ്യോഗസ്ഥ ആ ടീമിലെ ഏറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണമേല്‍പ്പിച്ചു. 200 സാക്ഷികളേയും വിസ്തരിച്ച ശേഷം പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.