ഒരുവശത്ത് കേക്ക് മുറിയും കൈകൊടുക്കലും, മറുവശത്ത് അക്രമം, ക്രിസ്മസ് ആഘോഷം തടഞ്ഞ് സംഘപരിവാര്‍, നാണക്കേടിലായി ബിജെപി

09:22 AM Dec 23, 2024 | Raj C

പാലക്കാട്: ക്രിസ്ത്യന്‍ വിഭാഗത്തെ കൈയ്യിലെടുക്കാന്‍ ക്രിസ്മസിന് കേക്ക് വിതരണവും ഗൃഹ സന്ദര്‍ശനവും സംഘടിപ്പിക്കുന്ന ബിജെപിക്ക് നാണക്കേടായി സംഘപരിവാര്‍ സംഘടനകളുടെ അക്രമം. പാലക്കാടും ആലപ്പുഴയിലും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ നടത്തിയ അക്രമം ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് സമാനമായാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിക്കുന്നു.

പാലക്കാട് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിനും അധ്യാപകരെ ഭീഷണിപ്പെടുത്തിയതിനും വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പള്ളി യു.പി. സ്‌കൂളിലെ അധ്യാപകരെയാണ് വി.എച്ച്.പി. പ്രവര്‍ത്തകരുടെ സംഘം ഭീഷണിപ്പെടുത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കെ.അനില്‍ കുമാര്‍, സുഷാസനന്‍, തെക്കുംമുറി വേലായുധന്‍ എന്നിവരയൊണ് പോലീസ് അറസ്റ്റുചെയ്തത്.

അനില്‍ കുമാര്‍ വി.എച്ച്.പിയുടെ ജില്ലാ സെക്രട്ടറിയാണ്. ബജ്രംഗ് ദള്‍ ജില്ലാ സംയോജകാണ് വി.സുഷാസനന്‍ എന്നയാള്‍. വി.എച്ച്.പിയുടെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് വേലായുധന്‍ എന്നയാള്‍. ഇവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അസംഭ്യം പറയുക, അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് വിഎച്ച്പി നേതാക്കള്‍ സ്‌കൂളിലെത്തിയത്. ക്രിസ്മസ് അല്ല ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു അതിക്രമം. വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് അധ്യാപകരെ അസഭ്യം പറയുകകയും ചെയ്തു. ഇതിന് പിന്നാലെയാണ് അധ്യാപകര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ആലപ്പുഴയിലെ മുതുകുളത്തും സമാനമായ സംഭവം അരങ്ങേറി. ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയ സംഘത്തെ ആര്‍എസ്എസ് നേതാവ് വിരട്ടിയോടിച്ചു. ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്ഷനിലാണ് സംഭവം. ആര്‍എസ്എസ് കാര്‍ത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് കാരിച്ചാല്‍ ആശാരുപറമ്പില്‍ നെല്‍സണ്‍ എ ലോറന്‍സ്, അജയന്‍, ആല്‍വിന്‍ എന്നിവരെ ഭീഷണിപ്പെടുത്തിയത്.

ക്രിസ്മസ് സന്ദേശം നല്‍കിക്കൊണ്ടിരുന്ന ഇവര്‍ക്കുനേരെ പാഞ്ഞടുത്ത രതീഷ്‌കുമാര്‍ മൈക്ക് ഓഫ് ചെയ്യാനും പരിപാടി അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി.  പരിപാടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ആളെക്കൂട്ടി നേരിടുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.