ന്യൂഡൽഹി : രണ്ട് വോട്ടർ ഐ.ഡി കാർഡുകൾ കൈവശംവെച്ച സംഭവത്തിൽ മുതിർന്ന ബി.ജെ.പി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാർ സിൻഹക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്. രണ്ടിടത്ത് സിൻഹക്ക് വോട്ടുണ്ടെന്നും ആരോപണമുണ്ട്. ആർ.ജെ.ഡി നേതാവ് തേജ്വസി യാദവാണ് സിൻഹക്ക് രണ്ട് വോട്ടർ ഐ.ഡി കാർഡുകൾ ഉണ്ടെന്ന് കണ്ടെത്തുകയും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തത്.
യാദവിന്റെ പേര് ലാഖിസരായ്, ബാൻകിപൂർ അസംബ്ലി മണ്ഡലങ്ങളിലുണ്ട്. രണ്ട് പട്ടികകളിലും സിൻഹയുടെ പ്രായം രണ്ടായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലിസ്റ്റിൽ 57 വയസാണ് പ്രായമെങ്കിൽ മറ്റൊന്നിൽ 60 ആണ് പ്രായം. അതേസമയം, വിവാദങ്ങളിൽ പ്രതികരണവുമായി സിൻഹ രംഗത്തെത്തി.
ബാൻകിപൂർ നിയമസഭ മണ്ഡലത്തിൽ മാത്രമാണ് തന്റെ പേര് ആദ്യമുണ്ടായിരുന്നത്. പിന്നീട് ലാഖിസരായ നിയമസഭ മണ്ഡലത്തിലേക്ക് തന്റെ പേരുമാറ്റൻ അപേക്ഷ നൽകുകയും ചെയ്തു. ബാൻകിപൂർ നിയമസഭ മണ്ഡലത്തിൽ പേര് ഒഴിവാക്കാനും അന്ന് തന്നെ അപേക്ഷ നൽകിയിരുന്നുവെന്ന വിശദീകരണവും അദ്ദേഹം നൽകിയിട്ടുണ്ട്.
ലാഖിസരായ, ബാൻകിപൂർ എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ സിൻഹയുടെ പേരുണ്ടെന്നായിരുന്നു തേജസ്വി യാദവിന്റെ ആരോപണം. ബിഹാർ ഉപമുഖ്യമന്ത്രിക്ക് രണ്ട് വോട്ടർ ഐ.ഡി കാർഡുകൾ ഉണ്ടെന്ന ആരോപണവും തേജസ്വി ഉയർത്തിയിരുന്നു. അതേസമയം, വോട്ടർ ക്രമക്കേടിൽ സിൻഹക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.