കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരുക്കേറ്റവരേയും കണ്ട് വിജയ്

02:07 PM Oct 27, 2025 | Kavya Ramachandran


കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി തമിഴ്ക വെട്രിക് കഴകം അധ്യക്ഷന്‍ വിജയ്. മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച പുരോഗമിക്കുന്നത്.

കരൂര്‍ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരേയും വിജയ് കാണുന്നത്. കരൂരില്‍ നിന്ന് പ്രത്യേക ബസ്സുകളില്‍ ഇന്നലെ രാത്രി തന്നെ ഇവരെ മഹാബലിപുരത്തേ ഹോട്ടലില്‍ എത്തിച്ചിരുന്നു. അന്‍പതിലധികം മുറികളിലായി താമസിക്കുന്ന ഒരോ കുടുംബത്തേയും വിജയ് റൂമിലെത്തി കാണുകയാണ്.

ഓരോരുത്തരുടേയും ആവശ്യങ്ങള്‍ വിജയ് പ്രത്യേകം ചോദിച്ചറിഞ്ഞ് നടത്തിക്കൊടുക്കുമെന്ന് ടിവികെ പറയുന്നു. കരൂരിലേക്ക് പോകാതെ ദുരന്തബാധിതരെ ചെന്നൈയിലേക്ക് എത്തിച്ചതില്‍ ഡിഎംകെ നേതാക്കളടക്കം വിമര്‍ശനമുന്നയിക്കുന്നുണ്ട്. അപകടത്തില്‍ അന്വേഷണം ആരംഭിച്ച സിബിഐ ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി ടി നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് സമന്‍സ് അയച്ചു. നാളെ ഇരുവരും സിബിഐ സംഘത്തിന് മുന്നില്‍ ഹാജരാകണം.