വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽകണം; വികാസ് അ​ഗർവാൾ

09:39 AM Feb 01, 2025 | Litty Peter

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാൻ സംരംഭകർക്ക് അവസരം നൽക്കണമെന്ന് ബിഎൻഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടർ വികാസ് അ​ഗർവാൾ. കൊച്ചി ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെയിൻ സർവ്വകലാശാല കോർപ്പറേറ്റ് റിലേഷൻസ് സീനിയർ മാനേജർ ബിന്ദു മേനോൻ ആണ് ഈ ചർച്ച മോഡറേറ്റ് ചെയ്തത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംരംഭകർ അധ്യാപകർ ആകുന്നത് വഴി കുട്ടികളുടെ സംരഭകത്വബോധം വളരുകയും ഇവിടെ ധാരാളം സംരംഭകൾ ഉണ്ടാവുകയും ചെയ്യും. സ്ഥിരമായും അല്ലാതെയും സംരംഭകർ കോളജുകളിൽ വന്ന് പഠിപ്പിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. 

നമ്മൾ ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുക, സ്നേഹിക്കുക, അതുമായി ഇണങ്ങുക. ഈ മൂന്ന് കാര്യങ്ങൾ ആണ് ചെയ്യേണ്ടത് എന്നാണ് എൻഐപിഎം കേരള ചാപ്റ്റർ ചെയർമാൻ ജോൺസൺ മാത്യു പറഞ്ഞത്. അതേസമയം ഇവിടെ 50 ശതമാനം ആളുകൾ മാത്രമേ സ്വന്തം പാഷൻ അനുസരിച്ച് ജോലി ചെയ്യുന്നുള്ളുയെന്ന് മീഡിയാവിഷൻ ​ഗ്രൂപ്പ് ഓഫ് ഡയ​ഗ്നോസിസ് സെന്റർ ഡയറക്ടർ ബിബു പുന്നൂക്കാരൻ പറഞ്ഞു. 

''ബാക്കി 50 ശതമാനം രക്ഷിതാക്കളും അധ്യാപകരും നിർദേശിക്കുന്ന ജോലി ഇഷ്ടമില്ലാതെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ അവർക്ക് ഇഷ്ടമുള്ളത് പഠിക്കാനും താൽപര്യമുള്ള ജോലി ചെയ്യാനും അനുവദിക്കുക. ഭാവി പൂർണ്ണമായും സാങ്കേതികവൽക്കരിക്കാൻ പോകുന്ന ഈ സാഹചര്യത്തിൽ നമ്മൾ എപ്പോഴും സ്വയം പഠിച്ചുകൊണ്ടേയിരിക്കുന്നത് അനിവാര്യമാണ്. ചെയ്യുന്ന ജോലിയിൽ താൽപര്യം ഉള്ളവർക്കേ വീണ്ടും വീണ്ടും അതേക്കുറിച്ച് പഠിക്കാനുള്ള ത്വര ഉണ്ടാവുകയുള്ളൂ''- അദ്ദേഹം വ്യക്തമാക്കി.

കേരള ഡവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സ്കിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ റിയാസ് പിഎം, വർമ്മ ആൻഡ് വർമ്മ സിഎ സീനിയർ പാർട്ണർ വിവേക് കൃഷ്ണ ​ഗോവിന്ദ്, കെയർഫോർയു ഫസിലിറ്റി മാനേജ്മെന്റ് കമ്പനി മാനേജിങ് പാർട്ണർ ലൈല സുധീഷ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവർ.