ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയത് പ്രതീക്ഷയോടെയാണ് രാജ്യത്തെ ജനങ്ങള്‍ നോക്കിക്കാണുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്ന് പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാര്‍ യോജന (PM-VBRY) ആണ്.
പ്രൈവറ്റ് സെക്ടര്‍ ജോലി ആദ്യമായി നേടുന്ന യുവാക്കള്‍ക്ക് 15,000 രൂപ നല്‍കുന്നതാണ് പ്രഖ്യാപനം. ഈ പദ്ധതി ഔപചാരിക തൊഴില്‍ സൃഷ്ടിക്കുന്നതിനും, യുവാക്കളുടെ സാമ്പത്തിക സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടിട്ടതാണ്. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മുഖേന നടപ്പാക്കുന്ന ഈ പദ്ധതിക്ക് 99,446 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ 3.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരമൊരു പദ്ധതി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും, ചെറുകിട-മധ്യമ വ്യവസായങ്ങളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പദ്ധതിയുടെ പാര്‍ട്ട് എ പ്രകാരം 15,000 രൂപ രണ്ട് തവണകളായി നല്‍കും. ആദ്യ തവണ 6 മാസത്തെ സേവനത്തിന് ശേഷവും രണ്ടാം തവണ 12 മാസത്തെ സേവനത്തിന് ശേഷവുമാണ് നല്‍കുക. ദീര്‍ഘകാല സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കാന്‍ രണ്ടാം തവണ നല്‍കുന്ന തുക സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നിക്ഷേപത്തിനുമായാണ് നല്‍കുക.
പാര്‍ട്ട് ബി പ്രകാരം തൊഴില്‍ ഉടമകള്‍ക്കും പണം നല്‍കും. പുതിയ ജീവനക്കാരന് പ്രതിമാസം 3,000 രൂപ വരെയാണ് ഇന്‍സെന്റീവ് നല്‍കുക. മിക്ക മേഖലകള്‍ക്കും രണ്ട് വര്‍ഷവും, നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് നാല് വര്‍ഷം വരെയും ഇത് നല്‍കും.
പണം ലഭിക്കാന്‍ ജീവനക്കാര്‍ EPFO രജിസ്റ്റര്‍ ചെയ്ത സ്ഥാപനത്തില്‍ ചേരണം. മൊത്തം ശമ്പളം പ്രതിമാസം 1 ലക്ഷം അല്ലെങ്കില്‍ അതില്‍ താഴെയുള്ളവര്‍ക്കാണ് തുക ലഭിക്കുക. ആധാര്‍ അടിസ്ഥാനമാക്കിയ ഫേസ് ഓതന്റിക്കേഷന്‍ വഴി UMANG B¸ ഉപയോഗിച്ച് യൂണിവേഴ്‌സല്‍ അക്കൗണ്ട് സൃഷ്ടിക്കണം.
തൊഴിലുടമകള്‍ക്ക് പണം ലഭിക്കാന്‍ EPFO കോഡ് ഉണ്ടായിരിക്കണം. EPFOയുടെ പോര്‍ട്ടലില്‍ തൊഴിലുടമ രജിസ്റ്റര്‍ ചെയ്യുകയും വേണം. കൂടാതെ, പ്രതിമാസ ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍ സമയബന്ധിതമായി സമര്‍പ്പിക്കണം.
ജീവനക്കാര്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. PF അക്കൗണ്ട് ഉണ്ടാക്കുകയും ആധാറുമായി ലിങ്ക് ചെയ്യുകയും ചെയ്താല്‍ യോഗ്യത സ്വയമേവ ലഭിക്കും. പേയ്‌മെന്റുകള്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി ആധാര്‍-സീഡഡ് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും.
തൊഴിലുടമകള്‍ ശ്രമ സുവിധ പോര്‍ട്ടല്‍ വഴി EPFO കോഡ് നേടണം. യോഗ്യരായ ജീവനക്കാരെ തെരഞ്ഞെടുത്ത് ശമ്പളവും രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങളും ഉറപ്പാക്കുകയുംവേണം.