മലർവാടിയുടെ പതിനഞ്ചാം വർഷത്തിൽ പുതിയ സിനിമയുമായി വിനീത്

06:15 PM Jul 16, 2025 | Kavya Ramachandran

പതിനഞ്ചു വർഷം മുൻപ്  ജൂലൈ മാസം 16-ാം തീയതിയാണ് കാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപറ്റം പുതുമുഖങ്ങളുമായി ഒരു വിനീത് ശ്രീനിവാസൻ ചിത്രം തിയേറ്ററിലെത്തുന്നത്. പേര് മലർവാടി ആർട്ട്സ് ക്ലബ്. സൗഹൃദത്തിന്റെ, പ്രണയത്തിന്റെ, ഒത്തൊരുമയുടെ കഥ പറഞ്ഞ ചിത്രം ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി ഒപ്പം മലയാളത്തിന് ഒരു പുതിയ താരത്തിനെ കൂടി നൽകി, നിവിൻ പോളി. ചിത്രം പതിനഞ്ച് വർഷം തികയുന്ന വേളയിൽ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനീത്.

ഒരുപാട് നല്ല ഓർമകളും മറക്കാനാകാത്ത അനുഭവങ്ങളും സമ്മാനിച്ച ചിത്രമാണ് മലർവാടി ആർട്ട്സ് ക്ലബ് എന്ന് വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒപ്പം ചിത്രം പതിനഞ്ച് വർഷം തികയുന്ന വേളയിൽ പുതിയ സിനിമയുടെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നും ത്രില്ലർ ഴോണറിൽ ആണ് സിനിമ ഒരുങ്ങുന്നതെന്നും വിനീത് ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും.

നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുൽ, ഹരികൃഷ്ണൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ, സലിം കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയാണ് മലർവാടി ആർട്ട്സ് ക്ലബ്. വിനീത് തന്നെയായിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയതും. ഷാൻ റഹ്‌മാൻ ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. പി സുകുമാർ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത്. രഞ്ജൻ എബ്രഹാം ആണ്.