ഖത്തറില്‍ നിയമ ലംഘനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത 90 കുട്ടികളേയും 65 മുതിര്‍ന്നവരേയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 600 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
ഖത്തര്‍ ദേശീയ ദിനാഘോഷത്തിനിടെ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തത്.
വിവിധ രാജ്യക്കാരായ മുതിര്‍ന്നവരും കുട്ടികളുമാണ് അറസ്റ്റിലായത്. നിയമ ലംഘനത്തിന്റെ പേരിലാണ് 90 ഓളം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും അറസ്റ്റ് ചെയ്തത്. പൊതു ഇടങ്ങളില്‍ ആളുകളോട് അപമര്യാദയായി പെരുമാറുക, ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവര്‍ അറസ്റ്റിലായത്.
നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റിലായ 65 പേരെ കൂടുതല്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.