അയര്‍ലണ്ടില്‍ അതിക്രമം തുടരുന്നു; ഒന്‍പത് വയസുകാരന്റെ തലയ്‌ക്കെറിഞ്ഞ് പരിക്കേല്‍പ്പിച്ചു

06:35 AM Aug 20, 2025 | Suchithra Sivadas

അയര്‍ലണ്ടില്‍ കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരനായ ഇന്ത്യന്‍ വംശജനെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ആക്രമണം നടത്തിയ കൗമാരക്കാരനെ അയര്‍ലണ്ട് പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. 15 വയസുകാരനാണ് പ്രതി. കോര്‍ക്ക് കൗണ്ടിയില്‍ വെച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വംശീയ പ്രേരിതമായ വിദ്വേഷ ആക്രമണമാണിതെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. ആക്രമണം കുട്ടിക്ക് ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ട മാനസികാഘാതം ഉണ്ടാക്കുമെന്നാണ് സംഭവത്തില്‍ അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ മേധാവി പ്രശാന്ത് ശുക്ല പ്രതികരിച്ചത്. രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാരുകളോട് വിഷയം ഗൗരവമായി കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈയടുത്താണ് ഇന്ത്യന്‍ വംശജര്‍ അയര്‍ലണ്ടില്‍ വംശീയ ആക്രമണങ്ങള്‍ക്ക് വിധേയരാകാന്‍ തുടങ്ങിയത്. നിരന്തരം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി അടിയന്തര സുരക്ഷാ ഉപദേശം നല്‍കിയത്. ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ഒഴിവാക്കാനും ഉയര്‍ന്ന ജാഗ്രത പാലിക്കാനും അയര്‍ലണ്ടില്‍ താമസിക്കുന്ന ഇന്ത്യാക്കാരോട് എംബസി ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങളെ ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് അപലപിച്ചിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ ഡബ്ലിനിലെ ഫാംലീയില്‍ നടത്താനിരുന്ന വാര്‍ഷിക ഇന്ത്യന്‍ ദിനാഘോഷം പോലും മാറ്റിവച്ചിരുന്നു.