+

തിലക് വര്‍മയോട് പുറത്തുപോകാന്‍ പറഞ്ഞത് ഹാര്‍ദിക് പാണ്ഡ്യയോ? തോല്‍വിക്ക് പിന്നാലെ വിവാദം, നാലു കളികളില്‍ മൂന്നിലും തോറ്റു, ബുംറയില്ലാത്ത മുംബൈ വട്ടപ്പൂജ്യമോ?

ഐപിഎല്‍ 2025 സീസണിലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീമുമായി ചുറ്റിപ്പറ്റി വിവാദം.

മുംബൈ: ഐപിഎല്‍ 2025 സീസണിലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീമുമായി ചുറ്റിപ്പറ്റി വിവാദം. ജയിക്കാവുന്ന കളിയാണ് അവിശ്വസനീയമായ രീതിയില്‍ തോറ്റതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഒരവസരത്തില്‍ മുംബൈ അനായാസം ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന 5 ഓവറില്‍ ടീം ജയം കൈവിട്ടു. ഇംപാക്ട് സബ് എന്ന നിലയില്‍ കളിച്ച തിലക് വര്‍മയുടെ ബാറ്റിങ് ടീമിന് തിരിച്ചടിയായി. 24 പന്തില്‍ 25 റണ്‍സ് മാത്രമാണ് തിലക് നേടിയത്. ഇത് ടീമിന്റെ വിജയത്തെ ബാധിച്ചു.

കളി അവസാനിക്കാന്‍ 7 പന്തുകള്‍ ബാക്കി നില്‍ക്കെ റിട്ടയേര്‍ഡായി തിലക് പുറത്തേക്ക് പോവുകയായിരുന്നു. ജയിക്കാന്‍ 24 റണ്‍സ് വേണമെന്നിരിക്കെ മിച്ചല്‍ സാന്റ്‌നര്‍ എത്തിയിട്ടും കാര്യമുണ്ടായില്ല.

സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം അതിവേഗം സ്‌കോര്‍ ചെയ്ത പിച്ചില്‍ തിലകിന് മികവുകാട്ടാനായില്ല. ഇതോടെ തിലകിനോട് റിട്ടയേര്‍ഡായി പുറത്തുപോകാന്‍ നിര്‍ദ്ദേശിച്ചത് പാണ്ഡ്യയാണെന്ന അഭ്യൂഹവും പടര്‍ന്നു. എന്നാല്‍, പരിശീലകന്‍ മഹേല ജയവര്‍ധനെയാണ് തിലകിനെ പിന്‍വലിച്ചതെന്നും പറയുന്നു.

തിലകിനെ പിന്‍വലിക്കുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നെന്ന് ചിലര്‍ പ്രതികരിച്ചു. എന്നാല്‍, മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് തീരുമാനത്തെ വിമര്‍ശിച്ചു. ഒരുപക്ഷെ, ശേഷിക്കുന്ന പന്തുകളില്‍ തിലക് ബൗണ്ടറി നേടുമായിരുന്നെന്ന് സെവാഗ് പറഞ്ഞു.

ഇത്തവണ നാലു കളികളില്‍ മൂന്നിലും തോറ്റ മുംബൈ സമ്മര്‍ദ്ദത്തിലാണ്. മികച്ച കളിക്കാരുണ്ടായിട്ടും ടീമിന് ജയം നേടാനാകുന്നില്ല. ജസ്പ്രീത് ബുംറ ഇല്ലാതെ മുംബൈയ്ക്ക് തിളങ്ങാനാകില്ലെന്ന് വീണ്ടും തെളിയിച്ചതായി ആരാധകര്‍ ചൂണ്ടിക്കാട്ടി.

facebook twitter