+

കേരളത്തില്‍ വമ്പന്‍ റിലീസിനൊരുങ്ങി വിഷ്ണു വിശാല്‍ ചിത്രം

'എ പെര്‍ഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

വിഷ്ണു വിശാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'ആര്യന്‍' കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ്. നവാഗതനായ പ്രവീണ്‍ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 31 ന് ആഗോള റിലീസായെത്തും. വിഷ്ണു വിശാല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യന്‍ രമേശ് എന്നിവര്‍ ചേര്‍ന്നാണ്. 'രാക്ഷസന്‍' എന്ന വമ്പന്‍ ഹിറ്റിന് ശേഷം വീണ്ടുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറില്‍ നായകനായി എത്തുകയാണ് ഇതിലൂടെ വിഷ്ണു വിശാല്‍. 'എ പെര്‍ഫെക്റ്റ് ക്രൈം സ്റ്റോറി' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ ആണിതെന്ന സൂചന നല്‍കിയ ട്രെയ്ലര്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് സൃഷ്ടിച്ചിരിക്കുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി കഥ പറയുന്ന ചിത്രത്തില്‍ പോലീസ് ഓഫീസര്‍ ആയാണ് വിഷ്ണു വിശാല്‍ അഭിനയിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജന്‍, സെല്‍വരാഘവന്‍, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെര്‍ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കാന്‍ പോകുന്ന ചിത്രം കൂടിയാണിത്.

facebook twitter