കണ്ണിന് പൊൻകണിയേകാൻ വിഷു ;വിഷുക്കണിയിൽ എന്തൊക്കെ ഉൾപ്പെടുത്തണം ?

11:26 PM Apr 11, 2025 | Kavya Ramachandran

നാടെങ്ങും മഞ്ഞ പുതച്ച് വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി . വിഷുവിന് ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് വിഷുക്കണി.ഏഴ് തിരിയിട്ട വിളക്കുകൾക്ക് മുന്നൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ശ്രീകൃഷ്ണൻ്റെ രൂപവും ഉരുളിയിൽ വച്ചിരിക്കുന്ന വിഷുക്കണിയും ഒരു കൊല്ലത്തിലെ ഏറ്റവും ഐശ്വര്യമുള്ള കാഴ്ച്ചകളിൽ ഒന്നാണ്.

കേരളത്തിലെ പല പ്രദേശങ്ങളിൽ പല രീതിയിലാണ് കണിയൊരുക്കുന്നത്. ആഘോഷങ്ങളും അങ്ങനെതന്നെ. ചില സ്ഥലത്ത് പടക്കം പൊട്ടിച്ചും വിഭവ സമൃദ്ധമായ സദ്യയൊരുക്കിയും ആഘോഷിക്കുമ്പോൾ ചിലയിടത്ത് മറ്റ് രീതിയിലാണ് വിഷു ആഘോഷം. സദ്യയൊരുക്കുന്നതിലും പ്രാദേശികമായി മാറ്റമുണ്ട്.വിഷുക്കണി ഒരുക്കാന്‍ അവശ്യം വേണ്ട ദ്രവ്യങ്ങള്‍ എന്തൊക്കെ വേണമെന്ന് ഓർമയില്ലേ തിരക്കിനിടയിൽ    ഈ  കാര്യങ്ങൾ  മറന്ന്  പോകരുതേ   


വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ...

    നിലവിളക്ക്
    ഓട്ടുരുളി
    ഉണക്കലരി
    നെല്ല്
    നാളികേരം
    സ്വർണ്ണ നിറമുള്ള കണിവെള്ളരി
    ചക്ക
    മാങ്ങ, മാമ്പഴം
    കദളിപ്പഴം
    വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
    കൃഷ്‌ണ വിഗ്രഹം
    കണിക്കൊന്ന പൂവ്
    എള്ളെണ്ണ (വിളക്കെണ്ണ പാടില്ല)
    തിരി
    കോടിമുണ്ട്
    ഗ്രന്ഥം
    നാണയങ്ങൾ
    സ്വർണ്ണം
    കുങ്കുമം
    കണ്മഷി
    വെറ്റില
    അടക്ക
    ഓട്ടുകിണ്ടി
    വെള്ളം

വിഷുക്കണി എങ്ങനെ ഒരുക്കാം ?

കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു.

ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്. സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്‌ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എ ന്നും സങ്കൽപമുണ്ട്.

കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്. തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.

ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്‍റെയും പ്രപഞ്ചത്തിന്‍റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണെന്നും അതിനാലാണ് ഈ ദിനം വിഷുവായി ആഘോഷിക്കുന്നതെന്നും വിശ്വസിക്കുന്നു

തിങ്കളാഴ്ച്ച മേടമാസം ഒന്നാം തീയതിയാണ് ഇക്കൊല്ലത്തെ വിഷു. എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്നാണ് പഴമക്കാർ പറയുന്നത്. പ്രത്യേകിച്ച് വിഷു പുലരിയിൽ. 

ഇത്തവണ വിഷുക്കണി കാണേണ്ടത് ബ്രാഹ്മമുഹൂർമായ 14 തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിക്കാണ്. ഉണർന്നാലുടൻ കണി കാണണമെന്നാണ് പറയപ്പെടുന്നത്. ഹിന്ദു ജ്യോതിഷ പ്രകാരം, വിഷു ദിനത്തിൽ സൂര്യൻ മേടരാശിയിലേക്ക് (മേഷരാശി എന്നും അറിയപ്പെടുന്നു) പ്രവേശിക്കുന്നതായാണ് വിശ്വാസം.