കണ്ണൂർ : രാഷ്ട്രീയത്തിൽ മാനുഷിക മുഖവും ജനാധിപത്യമൂല്യങ്ങളും ഉയർത്തി പിടിച്ച നേതാവായിരുന്നു കെ.ജി മാരാറെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം സി.കെ. പത്മനാഭൻ പറഞ്ഞു. പയ്യാമ്പലത്ത് നടന്ന മാരാർജിചരമവാർഷിക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലായ്മയും വല്ലായ്മയും ജീവിതത്തിൽ അതിജീവിച്ച നേതാവാണ് മാരാർജി 1969 ൽ ഷേണായിസ് ലോഡ്ജിലെ ഒറ്റമുറിയിൽ താമസിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്.
പ്രവർത്തകരുടെ വീടുകളിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഇന്നിപ്പോൾ പാർട്ടിക്ക് മണി മന്ദിരങ്ങളായി. തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫിസും കണ്ണൂരിൽ ജില്ലാ കമ്മിറ്റി ഓഫിസും മാരാർജി ഭവനെന്നാണ് അറിയപ്പെടുന്നത്. വരുംകാലങ്ങളിൽ മാരാർജി ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ടു പാർട്ടിയും പ്രവർത്തകരും മുൻപോട്ടു പോകണമെന്ന് സി.കെ പത്മനാഭൻ പറഞ്ഞു.