+

വിഷൻ 2031: ആഭ്യന്തര വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് കണ്ണൂരിൽ

കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ 75-ാം വാർഷികമായ 2031ലെ കേരളത്തെക്കുറിച്ചുള്ള വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും.

കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ 75-ാം വാർഷികമായ 2031ലെ കേരളത്തെക്കുറിച്ചുള്ള വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ ആഭ്യന്തര വകുപ്പിന്റെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ നയരേഖ സെമിനാറിൽ രൂപപ്പെടുത്തും. കേരള പോലീസ് വകുപ്പ്, കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെമിനാർ നടക്കുക.

നവംബർ മൂന്നിന് രാവിലെ 9.30ന് മുൻ സുപ്രീം കോടതി ജഡ്ജി സി ടി രവികുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ആഭ്യന്തരം, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കഴിഞ്ഞ 10 വർഷത്തെ ആഭ്യന്തര വകുപ്പിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ സംസാരിക്കും. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ ആധുനിക പോലീസിംഗ് എന്ന വിഷയത്തിൽ അവതരണം നടത്തും. പാനൽ ചർച്ച വിഷയങ്ങൾ സംബന്ധിച്ച് മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് ആമുഖം നൽകും. തുടർന്ന് രാവിലെ 11.30 മുതൽ വൈകുന്നേരം 3.30 വരെ എട്ട് വേദികളിലായി പാനൽ ചർച്ചകൾ നടക്കും.

നിയമപരിപാലനവും ക്രമസമാധാന സംരക്ഷണവും, കുറ്റാന്വേഷണം-ഫോറൻസിക് ശിക്ഷാ നടപടികളുടെ നവീകരണം, പൊതുജനസുരക്ഷയും അടിയന്തരഘട്ടങ്ങളിലെ ദ്രുത പ്രതികരണവും, മനുഷ്യവിഭവശേഷി ക്രമീകരണവും അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെട്ട ഉപയോഗവും, മികച്ച പരിരക്ഷ സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല വിഭാഗങ്ങൾക്കും, ലഹരി, സൈബർ, സംഘടിത കുറ്റകൃത്യങ്ങളെ തടയുക, അഗ്‌നിശമന രക്ഷാപ്രവർത്തനങ്ങൾ, ജയിൽ നിയമങ്ങളുടെ പരിഷ്‌കരണം എന്നിവയാണ് പ്രധാന പാനൽ ചർച്ചാ വിഷയങ്ങൾ.

വൈകീട്ട് 4.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം, തിരുവനന്തപുരം റേഞ്ച് ഡിഐജി എസ് അജിത ബീഗം എന്നിവർ പാനൽ ചർച്ചകളിലെ പ്രധാന ആശയങ്ങൾ അവതരിപ്പിക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്‌നകുമാരി, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ആഭ്യന്തരം, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, എന്നിവർ പങ്കെടുക്കും.

facebook twitter