അസ്ഥികളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. ഇതിന് പുറമെ പ്രതിരോധശേഷി, മാനസികാരോഗ്യം, കാൽസ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് എന്നിവയ്ക്കും വിറ്റാമിൻ ഡി നിർണായകമാണ്.
വിറ്റാമിൻ ഡിയുടെ കുറവ് കാരണം കുട്ടികളിൽ അസ്ഥികൾ ദുർബലമാകുന്ന റിക്കറ്റ് എന്ന അവസ്ഥയും മുതിർന്നവരിൽ ഓസ്റ്റിയോപൊറോസിസ്, അണുബാധകൾ, ക്ഷീണം, സന്ധി വേദന, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത എന്നിവയ്ക്കും സാധ്യതകൾ ഉണ്ട്.
മലിനീകരണം, സൺസ്‌ക്രീനിന്റെ അമിത ഉപയോഗം, ഇൻഡോർ ജോലികൾ കൂടുന്നത്എന്നിവയാണ് പ്രധാനമായും വിറ്റാമിൻ ഡിയുടെ കുറവിന്റെ കാരണമായി കണക്കാക്കുന്നത്.
വിറ്റാമിൻ ഡി അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചിലമാർഗങ്ങൾ നോക്കാം.
രാവിലെയുള്ള സൂര്യപ്രകാശം ഏൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. എന്നാൽ വീടിനുള്ളിൽ ദീർഘനേരം ജോലി ചെയ്യുന്നതിനാലോ ടാനിംഗ് ഭയം മൂലമോ പലരും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാറുണ്ട്. രാവിലെ 7 നും 10 നും ഇടയിൽ 15 മുതൽ 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏൽക്കുന്നത് സ്വാഭാവിക വിറ്റാമിൻ ഡി ഉൽപാദനത്തെ സഹായിക്കും.
വിറ്റാമിൻ ഡി അടങ്ങിയ വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. ഇതിനായി കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞക്കരു, ഫോർട്ടിഫൈഡ് പാലുൽപ്പന്നങ്ങൾ, കൂണുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.