+

എസ്ഐആർ രണ്ടാം ഘട്ടം; കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ, ഇന്ന്‌ അർധരാത്രി മുതൽ വോട്ടർ പട്ടിക മരവിപ്പിക്കും

കേരളം ഉൾപ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും

ന്യൂഡൽഹി: രാജ്യവ്യാപക എസ്ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) രണ്ടാം ഘട്ടം ഇന്ന് അർധരാത്രി മുതൽ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ബിഹാറിൽ എസ്ഐആർ വിജയകരമായി പൂർത്തിയായതിന് പിന്നാലെയാണ് രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെയുള്ള പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും എസ്ഐആർ നടപ്പിലാക്കുമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു .ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

രണ്ടാം ഘട്ടത്തിൽ ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരള, ഗുജറാത്ത്, രാജസ്താൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാൻ നിക്കോബാ എന്നിവിടങ്ങളിലായിരിക്കും  എസ്ഐആർ നടപ്പിലാക്കുക.

36 സംസ്ഥാനങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എസ്ഐആർ പ്രക്രിയയെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള രാജ്യത്തെ ഒമ്പതാമത്തെ എസ്ഐആർ പ്രക്രിയയാണ് ഇത്. അവസാനമായി എസ്ഐആർ നടന്നത് 2002-04 ൽ ആണ്, 21 വർഷം മുമ്പ്. വിവിധ രാഷ്ട്രീയ പാർട്ടികൾ വോട്ടർപട്ടികയിൽ പ്രശ്നം ഉന്നയിച്ചിരുന്നെന്നും അപ്പീലുകളില്ലാതെയാണ് ബിഹാറിൽ എസ്ഐആർ പൂർത്തീകരിച്ചതെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

എസ്ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ന് അർധരാത്രിമുതൽ വോട്ടർ പട്ടിക മരവിപ്പിക്കും. പിന്നീട് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ഫോമുകൾ വോട്ടർമാർക്ക് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Trending :
facebook twitter