മോഹൻലാലിന്റെ ഈ വർഷത്തെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വൃഷഭ’. റിലീസ് തീയതി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിലനിന്നിരുന്ന ആകാംഷയ്ക്ക് വിരാമമിട്ട്, ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു.
‘വൃഷഭ’ ആഗോള തലത്തിൽ ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. നേരത്തെ നവംബർ 6-ന് ചിത്രം പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്. നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ച പശ്ചാത്തലത്തിൽ, ഇത്തവണയെങ്കിലും ചിത്രം കൃത്യസമയത്ത് എത്തുമോ എന്ന ആകാംഷയിലാണ് ആരാധകർ.
സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി ‘വൃഷഭ’ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ഇതിഹാസ കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുമ്പോൾ അതുണ്ടാക്കുന്ന ആവേശം ചെറുതല്ല. ചിത്രത്തിൽ ഇമോഷൻസിനും വി.എഫ്.എക്‌സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.
ഷോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2025-ൽ ഹിറ്റുകൾ വാരിക്കൂട്ടുന്ന മോഹൻലാലിൻ്റെ അടുത്ത വിജയമാകുമോ ‘വൃഷഭ’ എന്നാണ് ഇന്ത്യൻ സിനിമലോകം ഉറ്റുനോക്കുന്നത്.