പാലക്കാട്: വ്യാവസായിക ആവശ്യത്തിന് വെള്ളം നല്‍കാനാകില്ലെന്ന് സര്‍ക്കാരിനെ വിശദമായി അറിയിച്ചിട്ടുണ്ടെന്ന് പാലക്കാട് വാട്ടര്‍ അതോറിട്ടി സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ.എന്‍. സുരേന്ദ്രന്. വെള്ളം കൊടുക്കണോ എന്ന് ഇനി തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. കുടിവെള്ളത്തില്‍ നിന്നുള്ള വിഹിതം കൊടുക്കാന്‍ കഴിയില്ല. പാലക്കാട് ജില്ലയില്‍ കുടിവെള്ളം തന്നെ വിതരണം ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. പിന്നെങ്ങനെ വ്യാവസായിക ആവശ്യത്തിന് കൊടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
ഒയാസിസ് കമ്പനി വാട്ടര്‍ അതോറിട്ടിയെ തെറ്റിദ്ധരിപ്പിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ ജൂണിലാണ് 500 കിലോ ലിറ്റര്‍ വെള്ളം ആവശ്യപ്പെട്ട് കമ്പനി കത്ത് നല്‍കിയത്. വാട്ടര്‍ അതോറിറ്റിക്ക് അത് കൊടുക്കാനില്ല. ഭാവിയില്‍ കിന്‍ഫ്രയുടെ ഒരു പദ്ധതി അവിടെ വരുന്നുണ്ട്. അവര്‍ സമ്മതിക്കുകയാണെങ്കില്‍ എടുക്കാമെന്ന് കത്ത് നല്‍കിയിരുന്നു. ഭാരത് പെട്രോളിയത്തിന്റെ ഒരു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കമ്പനി വാട്ടര്‍ അതോറിട്ടിക്ക് നല്കിയ കത്തില്‍ പറഞ്ഞിരുന്നത്. എഥനോള്‍ കമ്പനിക്ക് വേണ്ടിയെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. ബ്രൂവറിയ്ക്ക് വേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോള്‍ മാത്രമാണെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു.