വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണം ; അന്വേഷണത്തിന് നിയോഗിച്ച കെപിസിസി സമിതി ഇന്ന് കല്‍പറ്റയില്‍ എത്തും

06:42 AM Jan 08, 2025 | Suchithra Sivadas

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ അന്വേഷണത്തിന് നിയോഗിച്ച കെപിസിസി സമിതി ഇന്ന് കല്‍പറ്റയില്‍ എത്തും. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് എത്തുക. 

അന്വേഷണത്തിന്റെ ഭാഗമായി എന്‍ എം വിജയന്റെ ബന്ധുക്കളുമായി സമിതി അംഗങ്ങള്‍ സംസാരിക്കും. ഇതിന് പുറമേ ഡിസിസി ഓഫീസില്‍ നേതാക്കളുമായി സമിതി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

എന്‍ എം വിജയന്റെ മരണം വിവാദമായ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക സമിതിയെ രൂപീകരിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുറമേ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.