+

വയനാട്ടിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

ചെതലത്ത് റെയ്ഞ്ചിൽ മടാപറമ്പ് - കല്ലുവയൽ ഭാഗത്ത് ചികിത്സ അപ്രാപ്യമായ രീതിയിൽ ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ഇന്നലെ  വൈകുന്നേരം ചരിഞ്ഞു.

കൽപ്പറ്റ: ചെതലത്ത് റെയ്ഞ്ചിൽ മടാപറമ്പ് - കല്ലുവയൽ ഭാഗത്ത് ചികിത്സ അപ്രാപ്യമായ രീതിയിൽ ഗുരുതര പരിക്കുകളോടെ വനപാലകർ കണ്ടെത്തിയ കാട്ടാന ഇന്നലെ  വൈകുന്നേരം ചരിഞ്ഞു. കഴിഞ്ഞ ഇരുപത്തൊന്നാം തിയ്യതിയാണ് കാലിനും ശരീരത്തിലും മറ്റും ഗുരുതര പരിക്കുകൾ ഏറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. 

തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സർജൻ പരിശോധിക്കുകയും മറ്റു ചികിത്സയ അസാധ്യമാണെന്നു അഭിപ്രായപ്പെടുകയുമുണ്ടായി. തുടർന്ന് വനപാലകർ ആനയെ സദാ നിരീക്ഷിച്ചു വരികയായിരുന്നു. സുമാർ 35 വയസിലധികം പ്രായമുള്ള കൊമ്പനാനയുടെ മുൻ ഇടതുകാലിലെ പരിക്ക് അതീവ ഗുരുതരമായിരുന്നു. 

കല്ലുവയൽ തടാക കരയിൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്.  നാളെ രാവിലെ വെറ്റിനറി സർജന്മാരുടെ മേൽനോട്ടത്തിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സ്ഥലത്തു ജഡം സംസ്കരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമൻ അറിയിച്ചു.

facebook twitter