വയനാട് ദുരന്ത ബാധിതരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ട് കേന്ദ്രം, വായ്പ എഴുതിത്തള്ളില്ല, മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായം, കേരളത്തോട് ചിറ്റമ്മനയം എന്തിനെന്ന് ഹൈക്കോടതിയും

07:15 PM Oct 08, 2025 | Raj C

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭീകരതയില്‍ നിന്ന് ഇപ്പോഴും പൊരുത്തപ്പെടാന്‍ കഴിയാത്ത ദുരിതബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരിച്ചടിയാകുന്നു. ദുരന്തത്തില്‍ ജീവനോപാധി, വീടുകള്‍, ഭൂമി എല്ലാം നഷ്ടപ്പെട്ടവരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാന്‍ തയ്യാറല്ലെന്ന് ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളായ അസം, ഗുജറാത്ത് പോലുള്ളവിടങ്ങളില്‍ സമാന ദുരന്തങ്ങള്‍ക്ക് കേന്ദ്രം വലിയ തുകകള്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം, കേരളത്തോട് ചിറ്റമ്മനയമാണ് കാട്ടുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ വായ്പ തിരിച്ചടവ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു, ബാങ്കുകളെ കേസിലേക്ക് ചേര്‍ത്ത് അവരുടെ നിലപാട് വിശദീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളംകണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്. 400ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായെന്ന് അനൗദ്യോഗിക കണക്കുകളുള്ള ദുരന്തത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍, വിളകള്‍ തുടങ്ങിയവ നശിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസം, വീട് നിര്‍മാണം, ധനസഹായം എന്നിവയ്ക്ക് ശ്രമിക്കുമ്പോള്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകളുടെ ഭാരം അവര്‍ക്ക് ഇപ്പോഴും ഭാരമായി തുടരുന്നു.

വിഷയത്തില്‍ ജസ്റ്റിസ് എ.കെ. ജയസങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് വിചാരണ ചെയ്യുന്നത്. കോടതി കേന്ദ്രത്തോട് വായ്പകള്‍ എഴുതിത്തള്ളാനുള്ള നിലപാട് വ്യക്തമാക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച അഫിഡവിറ്റ് പ്രകാരം, പ്രകൃതി ദുരന്തബാധിതര്‍ക്ക് ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാന്‍ നിയമത്തില്‍ യാതൊരു വ്യവസ്ഥയുമില്ലെന്നാണ്. തീരുമാനം ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകളുടെ അധികാരപരിധിയിലാണെന്നും കേന്ദ്രം വാദിച്ചു.

കേന്ദ്രത്തിന്റെ നിലപാടിനെ 'ബ്യൂറോക്രാറ്റിക് ബാബിള്‍' എന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ദുരന്തകാലത്ത് കേന്ദ്രം ജനങ്ങളെ പരാജയപ്പെടുത്തി എന്ന് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ പറഞ്ഞു. സഹായിക്കാന്‍ മനസില്ലെങ്കില്‍ തുറന്നുപറയണം. ചിറ്റമ്മനയം എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

ദുരന്തത്തില്‍ നിന്നും കരകയറാന്‍ കേരളം 2,000 കോടിയിലേറെ രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ദുരന്തമുണ്ടായി ഒരു വര്‍ഷത്തിനുശേഷം നാമമാത്ര തുകയാണ് കേരളത്തിന് അനുവദിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഉടനടി സഹായം ഉറപ്പാക്കുമ്പോഴാണ് കേരളത്തെ കേന്ദ്രം അവഗണിക്കുന്നത്. ദുരിതബാധിതര്‍ക്ക് സമഗ്ര പരിഹാരം ഉറപ്പാക്കാന്‍ കേന്ദ്ര സഹകരണം അനിവാര്യമാണ്.