കല്‍പ്പറ്റ: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'നോക്ക് ഔട്ട് ഡ്രഗ്‌സ്' എന്ന പേരില്‍ വയനാട് ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന അണ്ടര്‍-19 ഫുട്ബോള്‍ ടൂര്‍ണമെന്റിന് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച തുടക്കമാകും. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും.
എട്ട് ടീമുകളാണ് വെള്ളിയാഴ്ചയിലെ മത്സരത്തിൽ മാറ്റുരക്കുക. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്, അഡീ. എസ്.പി ടി.എന്‍. സജീവ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ഭരതന്‍, ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുല്‍ ഷെരീഫ്, ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ.രമേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം, മുനിസിപ്പൽ കൗൺസിലർ തുടങ്ങിയവർ പങ്കെടുക്കും.
കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം എന്നീ ബ്ലോക്കുകളില്‍ ഓരോ ബ്ലോക്കിലും എട്ട് ടീമുകളെ ഉള്‍പ്പെടുത്തി ആകെ 32 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈ മാസം 15 വരെയാണ് മത്സരങ്ങള്‍. കല്‍പ്പറ്റ ബ്ലോക്കിലെ മത്സരങ്ങള്‍ പൊഴുതനയിലും, മാനന്തവാടിയില്‍ തലപ്പുഴയിലും, പനമരം ബ്ലോക്കില്‍ നടവയലിലും വരും ദിവസങ്ങളില്‍ നടക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കും.