ഹയർസെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരം ഒരുക്കി വയനാട് ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതി

09:53 PM Jan 11, 2025 | Litty Peter

കൽപ്പറ്റ: സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമായി നൂതന പദ്ധതി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തരുത് എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതിയായി ജില്ലാ പഞ്ചായത്ത് ബിരുദ പഠനം നടപ്പിലാക്കുന്നത്.

ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ പഠിതാക്കള്‍ക്ക് 50 ശതമാനം ഫീസും പട്ടിക ജാതി വിഭാഗക്കാര്‍ക്ക് 75 ശതമാനം ഫീസും പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്ക് 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് യൂണിവേഴ്‌സിറ്റിക്ക് അടക്കും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.
 ഹയർസെക്കൻഡറി തുല്യത പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ബിരുദ പഠനം ഒരുക്കുക എന്ന വലിയ സ്വപ്നത്തിന്റെ യാഥാർത്ഥ്യമാണ് നടപ്പിലായത് എന്നും.

കേരളത്തിൽ തന്നെ ആദ്യമായി ഇത്തരത്തിൽ ഒരു പദ്ധതി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ ഒരുപാട് പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒത്തൊരുമിച്ചുള്ള ഇടപെടൽ കൊണ്ട് അതെല്ലാം അതിജീവിക്കാൻ കഴിഞ്ഞതും വർഷത്തിൽ 100 പേർക്ക് ബിരുദ പഠനത്തിന് അവസരം ഒരുക്കുക എന്നുള്ളതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി യുമായി ചേർന്ന് ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ നൽകുകയും. ഇടവേളകളിൽ പ്രമുഖരായ വ്യക്തികളെ കൊണ്ട് അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഒക്കെ ചെയ്തു കൊണ്ടാണ് ഇ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നത്. തുടർന്നുള്ള വർഷങ്ങളിലും ഈ പദ്ധതി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്.ബിന്ദു മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ സീതാ വിജയൻ,ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ബെന്നി ജോസഫ്, , ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസി. പ്രൊഫസർമാരായ ഡോ. നിസാർ.എ. സി, ഡോ. അഹമ്മദ്‌ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രശാന്ത്കുമാർ സ്വാഗതവും സ്റ്റാഫ്‌ പി. വി. ജാഫർ നന്ദിയും പറഞ്ഞു.