കടുവാ ഭീതി; പുല്‍പ്പള്ളിയിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ: ഉത്തരവ് കര്‍ശനമായി പാലിക്കണം

12:44 AM Jan 16, 2025 | Desk Kerala

പുല്‍പള്ളി: കടുവാ ഭീതി നിലവിലുള്ള പുല്‍പള്ളി ഗ്രാമപഞ്ചായത്തിലെ 08,09, 11  വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള മാനന്തവാടി സബ് കലക്ടറുടെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് വയനാട് ജില്ലാ പോലീസ് അറിയിച്ചു. ആടിക്കൊല്ലി, അച്ചനഹള്ളി, ആശ്രമക്കൊല്ലി വാര്‍ഡുകളിലാണ് കടുവയുടെ ഭീഷണി തുടരുന്നത്. കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.

ഈ പ്രദേശങ്ങളില്‍ ആളുകള്‍ ഒത്തുകൂടുന്നതും, അനാവശ്യമായി പുറത്തിറങ്ങുന്നതും ഒഴിവാക്കണം. രാത്രികാലങ്ങളില്‍ പുറത്തിറങ്ങരുത്. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2023-ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 221 പ്രകാരം നടപടിയുണ്ടാകും.

കടുവയെ പിടികൂടാനുള്ള അതിതീവ്ര ദൗത്യത്തിലാണ് കര്‍മ സേന. കടുവയെ പിടികൂടുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികള്‍ വനംവകുപ്പും പോലീസും സ്വീകരിച്ചുവരികയാണ്.  കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് കൂടുതല്‍ അപകടകരമായതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.