+

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ രണ്ടാംഘട്ട കരട് എ ലിസ്റ്റ്: 139 ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള രണ്ടാംഘട്ട കരട് എ ലിസ്റ്റ് പ്രകാരം ലഭിച്ച ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു.

വയനാട് :  മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള രണ്ടാംഘട്ട കരട് എ ലിസ്റ്റ് പ്രകാരം ലഭിച്ച ആക്ഷേപങ്ങളില്‍ ഹിയറിങ് നടന്നു. കരട് എ ലിസ്റ്റില്‍ 139 ആക്ഷേപങ്ങളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. ഗുണഭോക്തൃ പട്ടികയിലേക്ക് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡ പ്രകാരം വിട്ടു പോയ ഏഴ് കേസുകള്‍ ഹിയറിങ്ങില്‍  കണ്ടെത്തി.

കണ്ടെത്തിയ  അപേക്ഷകള്‍  ഗുണഭോക്തൃ പട്ടികയിലുള്‍പ്പെടുത്തുന്നതിന് ഡി.ഡി.എം.എയുടെ അംഗീകാരത്തിനായി റിപ്പോര്‍ട്ട് ചെയ്യുമെന്ന് എ.ഡി.എം  കെ. ദേവകി അറിയിച്ചു. ഹിയറിങ്ങില്‍ ലഭിച്ച ആക്ഷേപങ്ങളില്‍  നോ ഗോ സോണിന് അകത്താണോ, പുറത്താണോ എന്നത് പരിഗണിച്ചാണ് ഗുണഭോക്തൃ പട്ടികയിലേക്ക് പരിഗണിക്കുക. ലഭ്യമായ ആക്ഷേപങ്ങളില്‍ സ്ഥല പരിശോധനയും ആളുക്കളെ നേരില്‍ കണ്ടുമാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

രണ്ടാംഘട്ട കരട് എ ലിസ്റ്റ് സംബന്ധിച്ചുള്ള  ആക്ഷേപങ്ങളും പരാതികളും ഇന്ന് (മാര്‍ച്ച് 7) വൈകിട്ട് അഞ്ച് വരെ വൈത്തിരി താലൂക്ക് ഓഫീസ്, ജില്ലാ കളക്ടറുടെ ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ്, വെള്ളരിമല വില്ലേജ്ഓഫീസുകളിലും subcollectormndy@gmail.com ലും സ്വീകരിക്കും.  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ എം.ബിജുകുമാര്‍, ഷോര്‍ളി പൗലോസ്, ജൂനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

facebook twitter