ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ്

12:03 AM Apr 02, 2025 | Desk Kerala

കൽപ്പറ്റ: ബ്രഹ്മഗിരി  ഡെവലപ്മെൻറ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണമെന്ന് കർഷക കോൺഗ്രസ് 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം പാർട്ടിയും നിക്ഷേപകരെ കബളിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു.

പാർട്ടി നേതൃത്വം പരിഹാരം കാണുമെന്ന് പറഞ്ഞിട്ടും വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലന്നും സർക്കാരിൽ നിന്നുള്ള കോടിക്കണക്കിന് രൂപയുടെ ഗ്രാൻഡുകൾ എങ്ങനെ വിനിയോഗിച്ചു എന്നത് സംബന്ധിച്ചും  സൊസൈറ്റി നേതൃത്വം വിശദമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു .  

ബ്രഹ്മഗിരിയുടെ ആസ്തികൾ മുഴുവനായും കെട്ടിടവും സ്ഥലവും ബാങ്കിലും മറ്റുമായി കടപ്പെടുത്തി ലഭിച്ച മുഴുവൻ തുകയും ഭരണസമിതി അംഗങ്ങൾ ധൂർത്തടിച്ചു എന്നും ഇവർ പറഞ്ഞു .  ഇ. ഡി .അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകരും കർഷകരും കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഏപ്രിൽ മൂന്നിന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡണ്ട് മാജൂഷ് മാത്യു , ജില്ലാ പ്രസിഡണ്ട് പി. എം. ബെന്നി , കെ. ജെ. ജോൺ , പരിദോഷ് കുമാർ ,  ബൈജു ചാക്കോ, ഇ.ജെ.  ഷാജി,  പി. എ പൗലോസ്,സിജു പൗലോസ്, റിനു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.