കോഴിക്കോട്: വയനാടിൻറെ പെരുമയും തനിമയും ലോകത്തോട് വിളംബരം ചെയ്യുന്ന സംഗീതവിരുന്നൊരുക്കി ടൂറിസം വകുപ്പ്. മാനന്തവാടി വള്ളിയൂർകാവ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'വയനാട് വൈബ്സ്' എന്ന സംഗീത പരിപാടിയാണ് വയനാടിൻറെ തനത് കലയും താളവും പ്രമുഖ കലാകാരൻമാരുടെ സംഗീതപ്രകടനവും കൊണ്ട് ആസ്വാദകർക്ക് നവ്യനുഭവമായി മാറിയത്.
ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ മന്ത്രി ഒ.ആർ കേളു അധ്യക്ഷത വഹിച്ചു.വയനാടിൻറെ ടൂറിസം മികവ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക മാർക്കറ്റിംഗ് കാമ്പയിനുകളും പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു. വിനോദസഞ്ചാരികളുടെ വരവിൽ എക്കാലത്തെയും മികച്ച റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞ വർഷം വയനാടിനായി.
ഹോസ്പിറ്റാലിറ്റി മേഖല മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള സർക്കാർ അതിഥി മന്ദിരങ്ങൾ നവീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിൽ നിന്നുള്ള ഓൺലൈൻ ബുക്കിംഗിലൂടെ 25 കോടി രൂപയുടെ അധിക വരുമാനം നേടാനായി. 'വയനാട് വൈബ്സ്' ജില്ലയുടെ തനത് സംസ്കാരവും കലാ, സംഗീത പാരമ്പരവും ലോകത്തിന് മുന്നിൽ എത്തിക്കും. വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വർഷം തോറും 'വയനാട് വൈബ്സ്' മാതൃകയിലുള്ള പരിപാടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീത പരിപാടിക്ക് മുമ്പ് ഡ്രമ്മർ ശിവമണി, കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സി, പിന്നണി ഗായകരായ ഹരിചരൺ, ശിഖ പ്രഭാകരൻ എന്നിവരെ മന്ത്രി ആദരിച്ചു.
വയനാടിനായി സർക്കാർ വിഭാവനം ചെയ്ത ടൂറിസം സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. വയനാടിൻറെ ടൂറിസം പ്രവർത്തനങ്ങളെക്കുറിച്ച് വലിയൊരു സന്ദേശം നൽകുന്നതാണ് ഈ പരിപാടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി, കൗൺസിലർ കെ.സി സുനിൽകുമാർ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
പ്രശസ്ത ഡ്രമ്മർ ശിവമണിയും കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയും ഒരുക്കുന്ന താളവാദ്യ പ്രകടനമായിരുന്നു 'വയനാട് വൈബ്സി'ലെ മുഖ്യ ആകർഷണം. പതിഞ്ഞ താളത്തിൽ തുടങ്ങി കൊട്ടിക്കയറിയ വാദ്യസംഗീതത്തിൻറെ മേളക്കൊഴുപ്പിനാണ് ശിവമണിയുടെയും സ്റ്റീഫൻ ദേവസിയുടെയും പ്രകടനത്തിലൂടെ സാക്ഷ്യം വഹിച്ചത്. ഈ അവതരണത്തിൽ ആട്ടം കലാവേദിയുടെ 25 ശിങ്കാരിമേളക്കാരും പങ്കെടുത്തു. കാണികളെ കൂടി പങ്കാളികളാക്കി കൊണ്ടുള്ളതായിരുന്നു ഈ തത്സമയ താളവാദ്യ പ്രകടനം.
വയനാടിൻറെ തനത് താളവും ലയവും ഗോത്രസംസ്കൃതിയും സംഗമിക്കുന്ന 'തുടിത്താളം' കലാസംഘം അവതരിപ്പിച്ച പരിപാടിയോടെയാണ് വയനാട് വൈബ്സിന് തുടക്കമായത്. ഇരുപതോളം കലാകാരൻമാർ പങ്കെടുത്ത ഈ പരിപാടിയിൽ വയനാടിൻറെ തനത് സംസ്കൃതിയെ പാട്ടുകളായും ചുവടുകളായും അവതരിപ്പിച്ചു.
തുടർന്ന് കാണികളെ മേളപ്പെരുക്കത്തിൻറെ ആവേശത്തിലാറാടിച്ച് ചെണ്ടമേളം പെയ്തിറങ്ങി. പ്രശസ്ത പിന്നണി ഗായകൻ ഹരിചരണിൻറ നേതൃത്വത്തിൽ ലൈവ് കൺസേർട്ട് തുടർന്ന് അരങ്ങേറി. സ്റ്റാർ സിങ്ങർ ഫെയിം ശിഖ പ്രഭാകരനും ഒത്തുചേർന്ന ഈ പരിപാടി സംഗീത പ്രേമികൾക്ക് പുത്തൻ അനുഭവം പകരുന്നതായിരുന്നു.