വയനാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എയായും കഞ്ചാവുമായും യുവാവ് പിടിയിൽ. മലപ്പുറം, ആനക്കയം, ചോഴിയേങ്കൽതോട്ടത്തിൽ വീട്ടിൽ സുരേഷ്കുമാർ(30)നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ മുത്തങ്ങ ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്.
ഗുണ്ടൽപേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കെ.എൽ 44 എഫ്. 7111 കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് കവറുകളിലായി 0.08 ഗ്രാം എം.ഡി.എം.എയും 16.5 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. എസ്.ഐമാരായ സോബിൻ, പി. വിജയൻ, പ്രൊബേഷൻ എസ്.ഐ ജിഷ്ണു, സി.പി.ഒ പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.