സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു

09:44 AM Oct 12, 2025 | Desk Kerala

വയനാട്: കവിയത്രിയും പരിസ്ഥിതി സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർക്ക്  മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു. മീനങ്ങാടി പഞ്ചായത്തിലെ  പുറക്കാടി  ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 3.3 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഇതിനോടൊപ്പം ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പൂജാപുഷ്പങ്ങളും  ഔഷധചെടികളും നട്ടുപിടിപ്പിക്കും. പരിസ്ഥിതി സംരക്ഷണം മനുഷ്യൻ്റെ കടമയാണെന്ന സത്യം ജീവിതത്തിലൂടെ തെളിയിച്ച  സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം  ഒരുക്കുന്ന സ്മൃതിവനം പ്രശസ്ത കവിയും സാഹിത്യ നിരൂപകനുമായ  കൽപ്പറ്റ നാരായണൻ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്യും.

മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നായി കണക്കാക്കുന്നു. മരങ്ങൾ അന്തരീക്ഷത്തിലെ കാർബൺഡൈഓക്സൈഡ് ആകിരണം ചെയ്തു ഓക്സിജൻ പുറത്തുവിടുന്നതിലൂടെ വായു ഗുണമേന്മ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

മീനങ്ങാടി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പുറക്കാടി ദേവസ്വം, തണൽ, കിംസ് ഹെൽത്ത് എന്നിവരുടെ സഹകരണത്തോടെയാണ് സ്മൃതിമനമൊരുങ്ങുന്നത്.