+

സര്‍ക്കാരിന്റെ പി ആര്‍ വര്‍ക്കിനായി അതിദരിദ്രരെ ഉപയോഗിച്ചത് മനുഷ്യത്വരഹിതമായ നടപടി: എ പി അനില്‍കുമാര്‍ എം എല്‍ എ

കേരളത്തിലും വയനാട്ടിലും സ്ഥലവും വീടും ജീവനോപാതിയും ആരോഗ്യസുരക്ഷയും പ്രധാനം ചെയ്‌തെന്നും, അതിദരിദ്രരില്ലെന്നും പ്രഖ്യാപിച്ച നടപടി ആദിവാസി ഗോത്രസമൂഹത്തോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ കനത്ത വെല്ലുവിളിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ. ക

വടുവഞ്ചാല്‍: കേരളത്തിലും വയനാട്ടിലും സ്ഥലവും വീടും ജീവനോപാതിയും ആരോഗ്യസുരക്ഷയും പ്രധാനം ചെയ്‌തെന്നും, അതിദരിദ്രരില്ലെന്നും പ്രഖ്യാപിച്ച നടപടി ആദിവാസി ഗോത്രസമൂഹത്തോടുള്ള സംസ്ഥാനസര്‍ക്കാരിന്റെ കനത്ത വെല്ലുവിളിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ നയിക്കുന്ന ഗ്രാമസ്വരാജ് മുന്നേറ്റയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ സര്‍ക്കാര്‍ പറഞ്ഞ മറുപടിയും, കേന്ദ്രസര്‍ക്കാരിന്റെ കൈയ്യിലുള്ള ഔദ്യോഗിക കണക്കും ലക്ഷങ്ങളാണെന്നിരിക്കെ കേരളത്തില്‍ അറുപതിനായിരം പേര്‍ മാത്രമാണ് അതിദരിദ്രരാണെന്ന സര്‍ക്കാര്‍ കണക്ക് പാവങ്ങളോടുള്ള വെല്ലുവിളിയാണ്.

 ഇത് അതിദരിദ്രജനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നടക്കം ലഭിക്കേണ്ട വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താനെ ഉപകരിക്കൂ. ഈ പ്രഖ്യാപനം മൂലം 1500 കോടി രൂപയുടെ നഷ്ടം കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കുണ്ടാകും. കേരളത്തെ വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ചപ്പോള്‍ ശൗചാലയങ്ങളില്ലാത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് ഫണ്ട് അനുവദിച്ച് നല്‍കാന്‍ സാധിക്കാത്തത് പോലെയാണ് ഈ പ്രഖ്യാപനത്തിലൂടെയും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായെ ഇതിനെ കാണാനാവൂ. അതിദരിദ്രര്‍ക്കുള്ള ഭവനപദ്ധതി പോലും പൂര്‍ത്തീകരിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ജീവിതോപാദിയും, ആരോഗ്യരക്ഷയും, വീടും പൂര്‍ത്തിയാക്കാതെയുള്ള പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അതിദരിദ്രരെ ഉപയോഗിച്ച് പി ആര്‍ വര്‍ക്ക് നടത്തിയതാണ് ഇവിടെ കണ്ടത്. പി ആര്‍ വര്‍ക്കിനായി അതിദരിദ്രരെ ഉപയോഗിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു. ഈ കൊള്ളക്ക് സംരക്ഷണം കൊടുത്തത് സി പി എം നേതാക്കളും ഭരണകൂടവുമാണ്. ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാനും സ്വര്‍ണകൊള്ള നടത്താനും നേതൃത്വം കൊടുത്ത നടപടി വിശ്വാസികള്‍ക്കേറ്റ ഏറ്റവും വലിയ മുറിവാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ ഏറ്റവുമധികം വിലവര്‍ധനവുള്ള സംസ്ഥാനമാണ് കേരളം. പത്ത് ശതമാനത്തിലധികമാണ് കേരളത്തിലെ വിലവര്‍ധവ്. അയര്‍സംസ്ഥാനമായ തമിഴിനാട്ടില്‍ ഇത് 3.5 ശതമാനം മാത്രമാണെങ്കില്‍ മറ്റുള്ള സംസ്ഥാനങ്ങളിലും അതുപോലെ തന്നെയാണെങ്കില്‍ കേരളത്തിലേത് ഇതിനേക്കാള്‍ രണ്ടിരട്ടിയിലധികമാണ്. ഇത് പിണറായി സര്‍ക്കാരിന്റെ അലംഭാവും ഗുരുതരവീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് യാഹ്യയാ ഖാന്‍ തലക്കല്‍ അധ്യക്ഷനായിരുന്നു. ജാഥാക്യാപ്റ്റന്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, പി കെ ബഷീര്‍ എം എല്‍ എ, കെ പി സി സി വൈസ് പ്രസിഡന്റ് രമ്യ ഹാരിദാസ്,ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, എന്‍ ഡി അപ്പച്ചന്‍, ടി ഹംസ, പി പി ആലി, ബി സുരേഷ് ബാബു, സലീം മേമന, പോള്‍സണ്‍ കൂവാക്കല്‍, ജോസ് കണ്ടത്തില്‍, മുഹമ്മദ് ബാവ, ഉണിക്കാട് ബാലന്‍, എ കെ സലീം, സി ടി ഉനൈസ്, ഹാരിസ് കണ്ടിയന്‍, എം എ ജോസഫ്, നജീബ് കരണി, ബിനു തോമസ്, വിനോദ് കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, സി ശിഹാബ് ഗൗതം ഗോകുല്‍ദാസ്, ഫായിസ് തലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും, വിശ്വാസത്തെ തകര്‍ത്ത് ശബരിമലയെ കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും, വന്യമൃഗശല്യം തുടരുമ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതക്കെതിരെയും യുഡിഎഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാമ സ്വരാജ് ജന മുന്നേറ്റ യാത്ര മൂന്ന് ദിവസത്തെ പര്യടനങ്ങള്‍ക്ക് ശേഷം ബുധനാഴ്ച വൈകിട്ട് അഞ്ചിന് കമ്പളക്കാട് സമാപിക്കും.

facebook twitter