ശാദാബിന്റെ ഓർമ്മയ്ക്കായി വിദേശ ഫല വൃക്ഷത്തൈ നട്ട് വാഴക്കാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ

11:20 AM Feb 01, 2025 | Neha Nair

വാഴക്കാട് : അകാലത്തിൽ വിടപറഞ്ഞ പ്രിയകൂട്ടുകാരന്റെ ഓർമ്മയ്ക്കായി സ്കൂൾ മുറ്റത്ത് വിദേശ ഫലവൃക്ഷത്തൈ നട്ട് വാഴക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ.

ശാസ്ത്ര മേളയിലും കലോത്സവത്തിലുമെല്ലാം സ്കൂളിന്റെ അഭിമാനമുയർത്തിയ ഒമ്പതാം ക്ലാസ് വിദ്യാർഥി ഷാദാബിന്റെ ഓർമ്മയ്ക്കായാണ് സഹപാഠികൾ സ്കൂൾ അങ്കണത്തിൽ മെക്സിക്കൻ സ്റ്റാർ ആപ്പിൾ മരം നട്ടത്.

പ്രിയ കൂട്ടുകാരൻ ഷാദാബിന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന സ്കൂൾ അങ്കണത്തിൽ തണൽ വിരിച്ചും മധുരക്കനികൾ നൽകിയും ഒരു മരം വേണമെന്നായിരുന്നു ഒമ്പതാം ക്ലാസിലെ ഷാദാബിന്റെ സഹപാഠികളുടെ ആഗ്രഹം.

 വിദ്യാർഥികൾക്കൊപ്പം ചേർന്ന് അധ്യാപകരും ഷാദാബിന്റെ മതാപിതാക്കളും സ്കൂൾ മുറ്റത്ത് മരം നട്ടു. മിൽക്ഫ്രൂട്ട് എന്നറിയപ്പെടുന്ന മെക്സിക്കൻ സ്റ്റാർ ആപ്പിളാണ് നട്ടത്.

പരിസ്ഥിതി പ്രവർത്തനങ്ങളിലും , ശാസ്ത്ര മേളകളിലും , നാടക രചനയിലും സ്കൂൾ വിദ്യാർഥികൾക്ക് പിന്തുണ നൽകുന്ന വിവിധ പ്രവർത്തനങ്ങൾക്കും  ഷാദാബ് ഫൌണ്ടേഷൻ രൂപം നൽകിയിട്ടുണ്ട്.

വാഴക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുന്നാസർ , ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ഷീബ  , അധ്യാപകരായ വിജയൻ, ഷമീർ  ഷാദാബിന്റെ പിതാവും മാധ്യമ പ്രർത്തകനുമായ മുജീബ്റഹ്മാൻ എന്നിവർ സംസാരിച്ചു.