+

നാവിക ഉദ്യോഗസ്ഥനായി വേഷമിട്ട് ആയുധം കവർന്ന സംഭവം ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം

നാവിക ഉദ്യോഗസ്ഥനായി വേഷമിട്ട് ആയുധം കവർന്ന സംഭവം ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം

മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാൾ നേവൽ റെസിഡൻഷ്യൽ ഏരിയയിൽ കയറി ഇൻസാസ് റൈഫിളും വെടിയുണ്ടകളും കവർന്നു. ശനിയാഴ്ച രാത്രിയിലാണ് സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തത്. കാവൽ ജോലിയിൽ ഉണ്ടായിരുന്ന ജൂനിയർ നാവികനെ കബളിപ്പിച്ചാണ് ഇയാൾ ആയുധം കൈവശപ്പെടുത്തിയത്. ശേഷം അതുമായി കടന്നുകളഞ്ഞു.

യൂണിഫോം ധരിച്ച ഇയാൾ പകരക്കാരനാണെന്ന വ്യാജേന ആയുധം കൈമാറാൻ ജൂനിയർ നാവികനോട് ആവശ്യപ്പെടുകയായിരുന്നു. അത് വിശ്വസിച്ച നാവികൻ തോക്കും വെടിയുണ്ടകളും കൈമാറിയതിന് പിന്നാലെ, ആൾമാറാട്ടക്കാരൻ ഉടൻ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. അപ്പോളാണ് അബദ്ധം മനസ്സിലായത്.

സംഭവത്തെ തുടർന്ന് നാവികസേനയും മുംബൈ പോലീസും ചേർന്ന് വ്യാപകമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ആയുധവും വെടിക്കോപ്പുകളും കണ്ടെത്താൻ പ്രദേശം അരിച്ചുപൊറുക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആയുധം കൈമാറിയ നാവികോദ്യോഗസ്ഥനെയും ചോദ്യംചെയ്യുന്നുണ്ട്. ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമായതിനാൽ സുരക്ഷാ സംവിധാനത്തിലെ വീഴ്ചകളും ആൾമാറാട്ടക്കാരൻ റസിഡൻഷ്യൽ കോംപ്ലക്‌സിൽ പ്രവേശിക്കാനിടയായതിലെ വീഴ്ചയും പരിശോധിക്കുന്നുണ്ട്.

facebook twitter