ഒക്ടോബർ 19-ന് വിവാഹം; കൊല്ലത്ത് സ്കൂട്ടര്‍ ബസിലിടിച്ച്‌ പ്രതിശ്രുതവധുവിന് ദാരുണാന്ത്യം

12:57 PM Sep 09, 2025 | Renjini kannur

 കൊല്ലം: ബസില്‍ സ്കൂട്ടർ ഇടിച്ച്‌ പ്രതിശ്രുതവധുവിന് ദാരുണാന്ത്യം കൊല്ലം- തേനി ദേശീയപാതയില്‍ ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) മരിച്ചത്.രാവിലെ പത്തരയോടെയായിരുന്നു സംഭവം.

അഞ്ജന സഞ്ചരിച്ച സ്കൂട്ടറില്‍ ഒരു സ്കൂള്‍ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച്‌ തന്നെ അഞ്ജന മരിച്ചു.

ഒക്ടോബർ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.കരിന്തോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച്‌ ബാങ്കില്‍ ക്ലർക്ക് ആയിട്ട് ജോലിക്കെത്തിയത്.