ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തിനും ഫ്ളാക്സ് സീഡ്സ്

02:15 PM Apr 28, 2025 | Kavya Ramachandran
മുതിരയോട് സാമ്യമുള്ള വിത്തുകളാണ് ഫ്ളാക് സീഡ്സ് അഥവാ ചണവിത്തുകൾ. ഫ്ളാക്സ് സീഡ്സ് രോഗങ്ങൾക്കുള്ള മരുന്നുകൂടിയാണ്. കൃത്യമായി കഴിച്ചാൽ പ്രമേഹം മുതൽ തടി കുറയ്ക്കാൻ വരെ ഇത് സഹായിക്കും. സോലുബിൾ, ഇൻസോലുബിൾ ഫൈബർ അടങ്ങിയ ഫ്ളാക് സീഡുകൾ ശരീരത്തിന് ആവശ്യമായ ഫൈബറുകളാൽ സമ്പുഷ്ടമാണ്.
ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോ​ഗ്യത്തിന് സഹായിക്കും. ഇത് നല്ല കൊഴുപ്പിൻ്റെ പ്രധാന ഉറവിടമാണ്.
ഹൃദയത്തിൻ്റെ ആരോ​ഗ്യത്തിനും സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ തടയാനും ഇത് സഹായിക്കുന്നു. ഇത് വീക്കം കുറയാനായി സഹായിക്കുന്നു. തലച്ചോറിൻ്റെ ആരോ​ഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. കൂടാതെ, പ്രമേഹം, അമിത രക്ത സമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കുന്നതാണ് ഒമേ​ഗ 3 ഫാറ്റി ആസിഡ്.
മീൻ കഴിക്കാത്തവർക്ക് ഒമേ​ഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ് ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത്. ​ഗർഭിണികൾ ഫ്ളാക്സ് സീഡ്സ് കഴിക്കുന്നത് നല്ലതാണ്. ഒമേ​ഗ 3 ഫാറ്റി ആസിഡികൾ ​ഗർഭസ്ഥ ശിശുവിൻ്റെ ബ്രെയിൻ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
ഫ്ളാക്സ് സീഡിൽ അടങ്ങിയ ലി​ഗ്നൻ എന്ന കോമ്പൗണ്ട് വളരെയധികം ആൻ്റി ഓക്സിഡൻ്റ് പ്രോപ്പർട്ടി ഉള്ളതാണ്. ശരീരത്തിലെ കോശങ്ങളെ ഫ്രീ റേഡിക്കൽ നശിപ്പിക്കുന്നത് ഇത് തടയുന്നു. അതുകൊണ്ടുതന്നെ കാൻസർ പോലുള്ള മാരക രോ​ഗങ്ങൾ തടയുന്നതിനും ശരീരത്തിൽ ആരോ​ഗ്യം കൂടാനും ഇത് സഹായിക്കുന്നു. ലി​ഗ്നൻ ഈസ്ട്രജൻ ഹോർമോണിൻ്റെ ക്രമക്കേടുകൾ പരിഹരിക്കാനും സഹായകമാണ്. പിസിഒഡി, അമിത വണ്ണം തുടങ്ങിയ ജീവിത ശൈലി രോ​ഗങ്ങൾ നിയന്ത്രിക്കാനും ഉപകരിക്കുന്നു