പാകിസ്ഥാനെ വീഴ്ത്തി ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്. 202 റൺസിന്റെ കൂറ്റൻ തോൽവി നേരിട്ടതോടെയാണ് വെസ്റ്റ് ഇൻഡീസ് 2-1ന് പരമ്പര സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിൻഡീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 294 റൺസ് എടുത്തു.
മത്സരത്തിൽ 94 പന്തിൽ 120 റൺസെടുത്ത് പുറത്താവാതെ നിന്ന് ഷായ് ഹോപ്പാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 29.2 ഓവറിൽ 92ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ ജെയ്ഡൻ സീൽസാണ് പാകിസ്ഥാനെ തകർത്തത്.
പാകിസ്ഥാന് വേണ്ടി 30 റൺസെടുത്ത സൽമാൻ അഗയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. മുഹമ്മദ് നവാസ് (പുറത്താവാതെ 23), ഹസൻ നവാസ് (13) എന്നിവരാണ് പാകിസ്ഥാന് വേണ്ടി രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. 23 റൺസിനിടെ പാകിസ്ഥാന് നാല് വിക്കറ്റ് നഷ്ടമായി.
വെസ്റ്റ് ഇൻഡീസിന് അത്ര നല്ല തുടക്കം ലഭിച്ചിരുന്നില്ല. 68 റൺസിനിടെ അവർക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ബ്രൻഡൻ കിംഗ് (5), എവിൻ ലൂയിസ് (37), കീസി കാർട്ടി (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നാലെ ഹോപ്പ് – ഷെഫാനെ റുതർഫോർഡ് (15) സഖ്യം 45 റൺസ് കൂട്ടിചേർത്ത് വിൻഡീസിന് നേരിയ ആശ്വാസം നൽകി. പിന്നീട് അങ്ങോട്ട് വെസ്റ്റ് ഇൻഡീസ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെയ്ക്കുകയായിരുന്നു.