ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേയും നെഹ്‌റു കുടുംബത്തേയും വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുന്ന കേസാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിച്ചതോടെ കേസിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം കൈവരികയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട ധനകാര്യ ക്രമക്കേട് ആരോപണങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.
നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (AJL) ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട യങ്ങ് ഇന്ത്യന്‍ ലിമിറ്റഡ് (YIL) ഏറ്റെടുത്തതാണ് കേസിന്റെ കാതല്‍.
2012-ല്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ നിന്നാണ് കേസ് ആരംഭിച്ചത്.
1938-ല്‍ ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച പത്രം, കോണ്‍ഗ്രസിന്റെ മുഖപത്രമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയില്‍ വലിയ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ AJLനുണ്ട്. ഈ കമ്പനി, 2008-ല്‍ സാമ്പത്തിക നഷ്ടം മൂലം പ്രസിദ്ധീകരണം നിര്‍ത്തി.
2010ല്‍ രൂപീകൃതമായ കമ്പനിയായ യങ് ഇന്ത്യന്‍ ലിമിറ്റഡ് ആണ് ഇത് ഏറ്റെടുക്കുന്നത്. ഈ കമ്പനിയില്‍ സോണിയയും രാഹുല്‍ ഗാന്ധിയും 76% ഓഹരികള്‍ കൈവശം വച്ചിരിക്കുന്നു.
കാണ്‍ഗ്രസ് AJL-ന് 90.25 കോടി രൂപയുടെ പലിശരഹിത വായ്പ നല്‍കിയെന്നതാണ് പ്രധാന ആരോപണം. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിക്കുന്നു.
YIL, 50 ലക്ഷം രൂപയ്ക്ക് AJLന്റെ 99% ഓഹരികള്‍ ഏറ്റെടുത്തു. 2,000 മുതല്‍ 5,000 കോടി രൂപ മൂല്യമുള്ള AJLന്റെ ആസ്തികളാണ് ചെറിയ തുകയ്ക്ക് കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്നത്.
AJLന്റെ 1,050 ലധികം ഓഹരി ഉടമകളുടെ സമ്മതമില്ലാതെ YILന് ഓഹരികള്‍ കൈമാറിയത് തട്ടിപ്പും വിശ്വാസവഞ്ചനയാണെന്ന് പറയുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമായാണ് അന്വേഷിക്കുന്നത്.
സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2014ല്‍ കോടതി പ്രാഥമിക തെളിവുകള്‍ കണ്ടെത്തി, ആരോപിതര്‍ക്ക് സമന്‍സ് അയച്ചു. 2015ല്‍ സോണിയയ്ക്കും രാഹുലിനും ജാമ്യം ലഭിച്ചു. 2025 ഏപ്രിലില്‍ സോണിയയേയും രാഹുലിനേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തു. ഏപ്രില്‍ 25-ന് കോടതി ചാര്‍ജ്ഷീറ്റ് പരിഗണിക്കും.
വായ്പ നല്‍കിയത് നാഷണല്‍ ഹെറാള്‍ഡിനെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടിയായിരുന്നു, വാണിജ്യലക്ഷ്യമല്ലന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. YIL ഒരു ലാഭരഹിത സ്ഥാപനമാണ്, വ്യക്തിഗത ലാഭം ഉണ്ടാക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം 751.9 കോടി രൂപയുടെ ആസ്തികള്‍ ഇഡി ജപ്തി ചെയ്തിട്ടുണ്ട്.