അഗ്നിഗോളമായി മാറിയിരുന്ന ലോസ് ആഞ്ജലിസിന്റെ തെരുവുകള്‍ക്ക് ഇന്ന് പിങ്ക് നിറമാണ്. അതിശൈത്യവും കനത്ത ശീതക്കാറ്റും കാട്ടുതീയുടെ രൂപത്തില്‍ ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോള് പിങ്ക് നിറത്തിലുള്ള ഒരു പൊടി അഗ്നിമേഖലകള്‍ക്ക് മുകളില്‍ വിതറിയാണ് പ്രധാനമായും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. എന്താണ് പിങ്ക് നിറത്തിലുള്ള ഈ പൗഡര്‍? ഇത് എങ്ങനെയാണ് തീ പടരുന്നത് പ്രതിരോധിക്കുന്നത്? ഈ സംശയങ്ങൾക്കുള്ള ഉത്തരമിതാ..
ഫോസ്-ചെക്ക് എന്ന പ്രത്യേകതരം രാസപദാര്‍ഥമാണ് ഇത്. പലതരത്തിലുള്ള അഗ്നിപ്രതിരോധ വസ്തുക്കൾ വിപണിയിൽ ലഭ്യമാണെങ്കിലും വലിയ തീപിടിത്തങ്ങൾ തടയുന്നതിന് അമേരിക്കയിൽ ഉപയോഗിച്ചുവരുന്നത് ഫോസ്-ചെക്കാണ്. പെരിമീറ്റർ സൊലൂഷൻസ് എന്ന കമ്പനിയാണ് ഇതിന്റെ ഉൽപ്പാദകർ.
വെള്ളം, അമോണിയം നൈട്രേറ്റ്, അമോണിയം പോളിഫോസ്ഫേറ്റ്, ഡൈ അമോണിയം സൾഫേറ്റ്, ഗുവാർ ഗം, അറ്റാപൾഗസ് ക്ലേ തുടങ്ങിയവയാണ് ഇതിന്റെ ഘടകങ്ങൾ. ഈ സംയുക്തം ചെന്നുവീഴുന്ന വസ്തുക്കളെ മൂടിക്കിടക്കുകയും അതുവഴി ഓക്സിജനുമായുള്ള രാസപ്രവർത്തനം തടയുകയും തീപിടിക്കുന്നത് ഒഴിവാക്കുകയുമാണ് ചെയ്യുന്നത്.
വിമാനങ്ങളിലും മറ്റുമായി ചെന്ന് വൻതോതിൽ പ്രയോഗിക്കുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് കൃത്യമായി തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഫോസ്-ചെക്കിന് കടുത്ത നിറം നൽകുന്നത്. ചുവപ്പ്, ഓഫ് വൈറ്റ് നിറങ്ങളിലുള്ള ഫോസ്-ചെക്കുകളുമുണ്ട്. ലോസ് ആഞ്ജലസിൽ വിവിധയിടങ്ങളിൽ വൻതോതിൽ ഫോസ് ചെക്ക് പ്രയോഗിച്ചിട്ടുണ്ട്. ആകെ പിങ്ക് നിറത്തിലായിക്കിടക്കുന്ന പ്രദേശങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണാം.
ലോസ് ആഞ്ജലിസില്‍ തീ ആളിപ്പടര്‍ന്ന ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലന് ഫെസ്ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. ഇതിന്റെ പിങ്ക് നിറം തീ പടര്‍ന്ന് പിടിക്കുന്നത് ഒരു പരിധിവരെ തടയുമെന്ന് മാത്രമല്ല ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അപകടസ്ഥലം പെട്ടെന്ന് തിരിച്ചറിയാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇതിന്റെ പിങ്ക് നിറം മാഞ്ഞുപോവുകയുള്ളൂവെന്നതാണ് ഗുണം. വെള്ളത്തേപ്പോലെ പെട്ടെന്ന് വറ്റിപ്പോകില്ലെന്നതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാനും കഴിയും.
അതേസമയം ഫോസ് ചെക്കിന്റെ വ്യാപകമായ ഉപയോഗം പാരിസ്ഥിക ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതിലടങ്ങിയ രാസവസ്തു ജലസ്രോതസ്സുകളെയടക്കം മലിനമാക്കാമെന്നും ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.