+

കോടതിയിൽ നിന്നുണ്ടായത് എന്ത് നീതി ? മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് പാർവതി തിരുവോത്ത്

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കോടതിയിൽ നിന്നുണ്ടായത് എന്ത് നീതിയെന്ന് പാർവതി തിരുവോത്ത് ചോദിച്ചു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കോടതിയിൽ നിന്നുണ്ടായത് എന്ത് നീതിയെന്ന് പാർവതി തിരുവോത്ത് ചോദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണിതെന്നും പാർവതി തിരുവോത്ത് പറഞ്ഞു. നിയമം നീതിയുടെ വഴിക്ക് പോകട്ടെയെന്ന താരസംഘടന അമ്മയുടെ പോസ്റ്റിന് പിന്നാലെയാണ് പാർവതി തിരുവോത്തിൻ്റെ പ്രതികരണം. ദിലീപിനെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി പറഞ്ഞത്. നിലവിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികളെ കോടതി കുറ്റക്കാരാണെന്നും കണ്ടെത്തി.

അതിനിടെ, ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് ആവർത്തിച്ച് നടി റിമ കല്ലിങ്കൽ രം​ഗത്തെത്തി. അതിജീവിതയ്ക്കൊപ്പമെന്ന നിലപാട് അറിയിച്ചുകൊണ്ട് ഉയർത്തിയ അവൾക്കൊപ്പം എന്ന് എഴുതിയ ബാനറിൻറെ ചിത്രമാണ് റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എപ്പോഴും, മുൻപത്തേതിലും ശക്തമായി, ഇപ്പോൾ എന്നും അവൾക്കൊപ്പം നിൽക്കുന്നുവെന്നും റിമ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ രൂപീകരിക്കപ്പെട്ട സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയിലെ സജീവ സാന്നിധ്യമായിരുന്നു റിമ കല്ലിങ്കൽ.

കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട കേസിൽ ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

പ്രതികളം ഒളിവിൽ പോകാൻ സഹായിച്ച ചാർലിയെയും പത്താം പ്രതിയായ ശരത്തിനെയും കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽ പെടുത്തിയാണെന്നും പ്രോസിക്യൂഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിൻറെ വാദം. നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാൻഡ് ചെയ്തു. 

facebook twitter