കൊച്ചി: സംസ്ഥാനത്ത് അടുത്തിടെ യുവതികള്‍ക്കിടയിലെ ആത്മഹത്യ പെരുകുകയാണ്. കഴിഞ്ഞദിവസം അഭിഭാഷകയായ ജിസ്‌മോള്‍ കുട്ടികളുമായി ആത്മഹത്യ ചെയ്തിരുന്നു. യുവതികള്‍ കുട്ടികളുമായി കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ എല്ലാ ദിവസവുമെന്നോണം മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ജീവിതത്തോട് പൊരുതണമെന്ന് ഉപദേശിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി. കാമുകന്‍ മാത്രമല്ല, ഭര്‍ത്താവോ രക്ഷിതാക്കളോ കൂട്ടിനില്ലെങ്കിലും ജീവിക്കാന്‍ വഴികളുണ്ട്. സുഖജീവിതത്തിലേക്ക്, സന്തോഷങ്ങളിലേക്ക്, കുറുക്കുവഴികളില്ല. അതിലേക്ക് കഠിനപാതകളേയുള്ളു. സന്തോഷമെന്ന ആശയം തന്നെ ഒരു പാട് കണ്ണുനീര് വീഴ്ത്താനിടയാക്കിയിട്ടുള്ളതാണെന്ന് അവര്‍ പറയുന്നു.
എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
യുവതികള്‍ തുടരെത്തുടരെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്യുന്നു.
ഏതു സാഹചര്യത്തിലും പൊരുതി ജീവിക്കാനുള്ള കരുത്ത് പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെടുകയാണോ?
എല്ലാവര്‍ക്കും മനോനില തെറ്റുന്നതാണോ?
വേഗത കൂടിയ ജീവിതത്തില്‍, അതേ വേഗത്തില്‍ സ്വപ്നങ്ങള്‍ സഫലമാകാത്തതാണോ കാരണം ?
സ്വയം താങ്ങാനാകാത്ത സാമ്പത്തിക ഭാരങ്ങള്‍ എങ്ങനെയാണ് ഒരാളറിയാതെ അയാള്‍ക്കുണ്ടാകുന്നത്?
ഭര്‍തൃവീട്ടിലെ പെണ്‍മരണങ്ങള്‍ എല്ലാം ഗാര്‍ഹിക പീഡനം മൂലമാണോ? എങ്കില്‍ അവിടെ നിന്ന് പുറത്തിറങ്ങി ആകും വിധം ജീവിച്ചു കാണിച്ച എത്രയോ പേരുടെ മാതൃകകള്‍ മുന്നിലുണ്ട്!
എത്രയോ കാലം ഇഴഞ്ഞും വലിഞ്ഞും തുഴഞ്ഞും ജലധിക്കക്കരെ എത്തിയ ജീവികളാണ് ചുറ്റുമുള്ളവരെല്ലാം ? ആരും അലസമായി ഒഴുകി സുഖത്തിലേക്കെത്തിയവരല്ല.
വേഗത്തിലോടി മരണത്തിലേക്കെത്തുന്നതെന്തിനാകും? നിയമം അറിയാവുന്നവര്‍, തൊഴിലും വരുമാനവും ഉള്ളവര്‍, ആരോഗ്യവും വിദ്യാഭ്യാസവും ഉള്ളവര്‍ ഇവര്‍ക്കൊക്കെ ധൈര്യം നഷ്ടപ്പെട്ടു പോകുന്നതെന്തുകൊണ്ടാകാം ?
എങ്ങനെയും കല്യാണം കഴിഞ്ഞാല്‍ മതി, എങ്ങനെയും അവിടെ കടിച്ചു തൂങ്ങിക്കിടന്നാല്‍ മതി, അവിടമല്ലാതെ മറ്റൊരാശ്രയമില്ല എന്ന വിഡ്ഢിച്ചിന്തകളില്‍ നിന്ന് എന്നാണ് സ്ത്രീകള്‍ വിമുക്തരാവുക ?
കാമുകന്‍ മാത്രമല്ല, ഭര്‍ത്താവോ രക്ഷിതാക്കളോ കൂട്ടിനില്ലെങ്കിലും ജീവിക്കാന്‍ വഴികളുണ്ട്.
സുഖജീവിതത്തിലേക്ക്, സന്തോഷങ്ങളിലേക്ക്, കുറുക്കുവഴികളില്ല. അതിലേക്ക് കഠിനപാതകളേയുള്ളു. സന്തോഷമെന്ന ആശയം തന്നെ ഒരു പാട് കണ്ണുനീര് വീഴ്ത്താനിടയാക്കിയിട്ടുള്ളതാണ്.
ധൈര്യവും വാശിയും തോല്‍ക്കാന്‍ മനസ്സില്ലെന്ന നിശ്ചയദാര്‍ഢ്യവും ഉണ്ടാകണം.