പുത്തൻ ഫീച്ചറുകളുമായി അമ്പരപ്പിക്കുന്ന മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ അടുത്ത സർപ്രൈസ്. വാട്സ്ആപ്പിൽ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചർ നിങ്ങളുടെ സ്റ്റാറ്റസ് കൂടുതൽ മികച്ചതും എൻഗേജിങ്ങുമാക്കും. മെറ്റയുടെ മറ്റൊരു മെസേജിംഗ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലെ സ്റ്റോറികളിൽ നിലവിൽ ലഭ്യമായ ഫീച്ചറാണിത്. ഈ അപ്ഡേറ്റ് വരുന്നതിന് മുമ്പ് വാട്സ്ആപ്പ് സ്റ്റാറ്റസിൽ ആളുകൾ ഫോട്ടോയ്ക്കൊപ്പം പാട്ട് ചേർക്കാൻ മറ്റേതെങ്കിലും ആപ്പ് ഉപയോഗിച്ച് സ്റ്റാറ്റസ് എഡിറ്റ് ചെയ് ശേഷം അപ്ലോഡ് ചെയ്യുകയേ വഴിയുണ്ടായിരുന്നുള്ളൂ.
ഇനി മുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മ്യൂസിക് വാട്സ്ആപ്പ് സ്റ്റാറ്റസിൽ തന്നെ അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ഈ ഫീച്ചർ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചുകഴിഞ്ഞു. വരും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ വ്യാപകമായി ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
വാട്സ്ആപ്പ് സ്റ്റാറ്റസിൽ പാട്ട് എങ്ങനെ ചേർക്കാം?
പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ഗാനങ്ങളുടെ ഒരു വലിയ ലൈബ്രറിയിലേക്ക് ആക്സസ് നൽകുമെന്ന് വാട്സ്ആപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഇത് ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ എളുപ്പത്തിൽ സംഗീതം ചേർക്കാൻ അനുവദിക്കുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ഒരു ഗാനം ചേർക്കുന്ന ഈ പ്രക്രിയ ഇൻസ്റ്റാഗ്രാമിലേതിന് സമാനമാണ്.
ഇനി മുതൽ നിങ്ങൾ ഒരു പുതിയ സ്റ്റാറ്റസ് സൃഷ്ടിക്കുമ്പോൾ സ്ക്രീനിൻറെ മുകളിൽ ഒരു മ്യൂസിക് നോട്ട് ഐക്കൺ ദൃശ്യമാകും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പാട്ട് തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രിയപ്പെട്ട ഗാനം തിരഞ്ഞെടുത്ത ശേഷം താഴെ നൽകിയിരിക്കുന്ന ട്രാക്കുകളിൽ നിന്ന് ഫോട്ടോയ്ക്കൊപ്പം പാട്ടിൻറെ ഏത് ഭാഗമാണ് ഉപയോഗിക്കേണ്ടതെന്നും നിങ്ങൾക്ക് തെരെഞ്ഞെടുക്കാം. വാട്സ്ആപ്പിൽ ഫോട്ടോകൾക്കും വീഡിയോകൾക്കും പാട്ടുകൾ ഇടാം. ഈ പുതിയ സവിശേഷത ഉപയോഗിച്ച് ഫോട്ടോയ്ക്കൊപ്പം 15 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ഗാനം ചേർക്കാൻ കഴിയും. വീഡിയോയിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ഗാനത്തോടൊപ്പം സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനും കഴിയും.
വാട്സ്ആപ്പിൽ നിന്ന് മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തുവന്നിട്ടുണ്ട്. ഐഫോണുകളിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മെസേജ് അയക്കുന്നതിനും കോളുകൾക്കുമുള്ള ഡിഫോൾട്ട് ചോയ്സായി വാട്സ്ആപ്പിനെ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്. അതായത് കോളിനും മെസേജുകൾക്കുമായി മറ്റൊരു ആപ്പ് തെരഞ്ഞെടുക്കാതെ നിങ്ങൾക്ക് വൈകാതെ വാട്സ്ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും കഴിയും.