കണ്ണൂർ : കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായി ജി.എച്ച് യതീഷ് ചന്ദ്ര ചുമതലയേറ്റു കണ്ണൂർ റെയ്ഞ്ച് ഡി. ഐ. ജിയായാണ് ചുമതലയേറ്റത്.നേരത്തെ പൊലിസ് കമ്മിഷണറായും യതീഷ് ചന്ദ്ര കണ്ണൂരിൽ പ്രവർത്തിച്ചിരുന്നു. പൊലിസുകാർക്കിടെയിൽ ഷോമാനെന്ന് അറിയപ്പെടുന്ന യതീഷ് ചന്ദ്ര വീണ്ടും കണ്ണൂരിലെത്തുമ്പോൾ വാർത്തകളിൽ നിറയുകയാണ്. സാധാരണ കണ്ണൂരിലെത്തുന്ന ഡി.ഐ.ജിമാർ മാന്യമായി വലിയ ഒച്ചയനക്കമൊന്നുമില്ലാതെ മടങ്ങുകയാണ് പതിവെങ്കിലും കിട്ടിയ അവസരങ്ങളിൽ എന്തെങ്കിലും വിഷയങ്ങളുണ്ടാക്കി ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന പൊലിസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര.
അതുകൊണ്ടു തന്നെ കുറച്ചു കാലം മാത്രമേ കണ്ണൂരിൽ കാണുകയുള്ളുവെങ്കിലും എന്തെങ്കിലും വിഷയങ്ങൾ ഈ ഉദ്യോഗസ്ഥൻ വരുത്തിവയ്ക്കാൻ സാദ്ധ്യതയേറെയാണ്. 2024 ഡിസംബര്‍ 31ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ യതീഷ് ചന്ദ്ര കണ്ണൂരിൽ വീണ്ടുമെത്തിയത് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്.
ഇതിന് പ്രധാന കാരണം ഉദ്യോഗക്കയറ്റം ലഭിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ യതീഷ് ചന്ദ്രയുണ്ടെന്ന കാരണമാണ്. ഡെപ്യൂട്ടേഷന് കാലാവധി പൂര്‍ത്തിയാക്കി പൊലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത യതീഷ് ചന്ദ്ര അവധിയിലായിരുന്നു. കണ്ണൂര്‍ ഡി.ഐ.ജി യായാണ് ഇപ്പോള്‍ അദ്ദേഹത്തിന് നിയമനം നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളും കോഴിക്കോട് റൂറല്‍ ജില്ലയും അധികാര പരിധിയില്‍ വരുന്ന തസ്തികയാണിത്. പൊതുജനങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും തൻ്റെ അധികാര ഹുങ്ക് കൊണ്ടു അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന നെഗറ്റീവ് ഷെയ്ഡുള്ള ഉദ്യോഗസ്ഥനായാണ് യതീഷ് ചന്ദ്ര അറിയപ്പെടുന്നത്.
പുതുവൈപ്പിനിലെ സമരക്കാരെ യതീഷ് ചന്ദ്ര തല്ലിച്ചതച്ചപ്പോൾ കുട്ടികളെപ്പോലും വെറുതെ വിട്ടിരുന്നില്ല. ശബരിമലയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്ത പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട്, ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോയെന്ന് തിരിച്ച് ചോദിച്ച യതീഷ് ചന്ദ്രയുടെ നടപടി ഏറെ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരുന്നത്.
മന്ത്രിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി ശക്തമായി രംഗത്ത് വരികയും പാര്‍ലമെന്റിലടക്കം ഈ വിഷയം കത്തിക്കയറുകയും ചെയ്തിരുന്നു. ആലുവ റൂറല്‍ എസ്പിയായിരിക്കെ സി.പി.എം നടത്തിയ ഉപരോധ സമരത്തിന് നേരെ അങ്കമാലിയില്‍ ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴാണ് യതീഷ് ചന്ദ്രയുടെ മുഖം ആദ്യമായി മാധ്യമങ്ങളില്‍ നിറഞ്ഞത്.
അന്ന് സി.പി.എം ഓഫീസിനകത്ത് വരെ കയറി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലിസ് മര്‍ദ്ദിച്ചിരുന്നു.കൊച്ചി ഡെപ്യൂട്ടി കമ്മിഷണറായിരിക്കെ പുതു വൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയതും വലിയ വിവാദമായ സംഭവമാണ്.
ലാത്തിച്ചാര്‍ജിനെക്കുറിച്ച് അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ ഹാജരായി തന്റെ നിലപാട് വിശദീകരിക്കവേ, അലന് എന്ന ബാലന് തന്നെ മര്‍ദിച്ചത് ഡിസിപിയാണെന്ന് വ്യക്തമാക്കിയതും പിന്നീട് വലിയ വാര്‍ത്തയായി. കണ്ണൂര്‍ എസ്പിയായിരിക്കെ ലോക്ഡൗണ്‍ ലംഘിച്ച് അഴിക്കോട് റോഡില്‍ ഇറങ്ങിയവരെ ഏത്തമിടുവിച്ചും യതീഷ് ചന്ദ്ര പുലിവാൽ പിടിച്ചു.
കര്‍ണാടകയിലെ ഡാബന്‍ഗാരേയാണ് യതീഷ് ചന്ദ്രയുടെ സ്ഥലം. 2011 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര കണ്ണൂര്‍ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കോഴിക്കോട് റൂറല്‍ എസ്പിയായി. കുഴല്‍പ്പണ മാഫിയയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് അപ്പോഴാണ്.
കണ്ണൂരിലെ കെഎപി നാലാം ബറ്റാലിയന് കമാന്‍ഡന്റ് ആയിട്ടായിരുന്നു അടുത്ത നിയമനം. പിന്നീട് എറണാകുളം റൂറല്‍ എസ്പിയായും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറായും ക്രൈംബ്രാഞ്ച് എസ്പിയായും തൃശൂര്‍ റൂറല്‍ എസ്പിയായും കണ്ണൂര്‍ എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃശൂർ പൂരത്തെ ആവേശത്തിലാക്കിയ എസ്.പി യെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ മിന്നും താരമാണ് യതീഷ് ചന്ദ്ര. സൗന്ദര്യവും ആകാര ഭംഗിയുമുള്ള ഈ യുവ ഐ.പി.എസ് ഓഫീസർക്ക് ഫോളേവേഴ്സ് ഏറെയാണ്.