കൊച്ചി: നടിയും നര്‍ത്തകിയുമായ നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസ ജീവിതം തെരഞ്ഞെടുത്ത വാര്‍ത്ത കഴിഞ്ഞദിവസം മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തയായിരുന്നു. മലയാളത്തില്‍ കൂടാതെ തമിഴിലും ഒട്ടേറെ ഹിറ്റു ചിത്രങ്ങളുടെ ഭാഗമായ നിഖില നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് അഖില സന്യാസ ജീവിതത്തിലേക്ക് കടക്കുന്നത്.
നിഖില അമ്മയെപ്പോലെ കലാരംഗത്ത് ചുവടുറപ്പിച്ചപ്പോള്‍ പഠനത്തില്‍ മിടുക്കിയായിരുന്ന അഖില അമേരിക്കയില്‍ ഉപരിപഠനത്തിനാണ് താത്പര്യം പ്രകടിപ്പിച്ചത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സ് ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മെലോണ്‍ സ്‌കൂള്‍ ഒഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ച് ഫെലോയായിരുന്നു.
അഖിലയുടെ ജീവിതം മാറ്റിമറിച്ചത് പിതാവിന്റെ വിയോഗമായിരുന്നെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. മുന്‍ നക്‌സലൈറ്റ് ആയിരുന്നു നിഖിലയുടെ പിതാവ് എംആര്‍ പവിത്രന്‍. കലാമണ്ഡലം വിമലാദേവിയുമായുള്ള വിവാഹശേഷമാണ് പവിത്രന്‍ നക്‌സല്‍ ബന്ധം ഉപേക്ഷിച്ചത്. ഒരു അപകടത്തില്‍ പരിക്ക് പറ്റി ഏറെക്കാലം കിടപ്പിലായിരുന്ന അദ്ദേഹം കൊവിഡ് കാലത്ത് മരിച്ചതോടെ അഖിലയുടെ ജീവിതവും മാറി.
പിതാവിന്റെ വിയോഗം ചേച്ചിയെ വല്ലാതെ ബാധിച്ചിരുന്നെന്ന് ഒരഭിമുഖത്തില്‍ നിഖില പറയുകയുണ്ടായി. പിതാവിന്റെ മരണം എന്നേക്കാളും അമ്മയേക്കാളും ഏറ്റവും കൂടുതല്‍ ബാധിച്ചത് അവളെയാണ്. അച്ഛനായിരുന്നു അവളുടെ ലോകം. അവള്‍ക്ക് പുസ്‌കതങ്ങള്‍ വാങ്ങിക്കൊടുത്തതും ലോകം കാണിച്ച് കൊടുത്തതും പഠിപ്പിച്ചതും അച്ഛനാണ്. അച്ഛന്റെ വീഴ്ച അവളെ മാനസികമായി ബാധിച്ചു. വിയോഗം ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് കുറേ സമയമെടുത്തു. അച്ഛനെക്കുറിച്ച് അവളെഴുതി വെച്ചത് ഈ ഫാദേഴ്‌സ് ഡേയ്ക്കാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത അന്ന് അവള്‍ എന്നെ വിളിച്ച് കുറേ കരഞ്ഞു.
എന്റെ ജീവിതത്തില്‍ ഏറ്റവും സ്‌ട്രോങ്ങായ ആള്‍ അവളാണ്. ഞാന്‍ എന്ത് ചെയ്താലും എന്നെ സപ്പോര്‍ട്ട് ചെയ്യും. ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ മറ്റ് പലരോടും ചോദിച്ചാലും അവസാനം പോയി നില്‍ക്കുന്നത് അവളുടെ അടുത്താണ്. അച്ഛന്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് അവളുടെ ജീവിതത്തിലാണ്. എനിക്ക് അറിവ് വെക്കും മുമ്പ് അച്ഛന് വയ്യതായിട്ടുണ്ട്. ചേച്ചിയെക്കുറിച്ച് അച്ഛന് ഏറെ സ്വപ്‌നങ്ങളുണ്ടായിരുന്നു. അവളുടെ വിവാഹം ആര്‍ഭാടമായി നടത്തണമെന്നത് ആഗ്രഹമായിരുന്നെന്നും നിഖില പറയുകയുണ്ടായി.
പിതാവിന്റെ വേര്‍പിരിയല്‍ നല്‍കിയ ഒറ്റപ്പെടലും ദുഖവുമാണ് അഖിലയെ ഒടുവില്‍ സന്യാസ ജീവിതത്തിലേക്ക് നയിച്ചത്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവ ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് എഴുതുന്നതുവരെ അവരുടെ സന്യാസ തീരുമാനത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല.
ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ പോസ്റ്റ്. ഈ കുറിപ്പിനൊപ്പം സന്യാസ വേഷത്തിലുള്ള അഖിലയുടെ ചിത്രവും പങ്കുവെച്ചിരുന്നു.