കൊച്ചി: പാലക്കാട് സ്വകാര്യ ബ്രുവറിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അഴിമതിയും ജലക്ഷാമവും കൂടാതെ കേരളത്തില്‍ മദ്യപ്പുഴയൊഴുകുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
അഴിമതി ആരോപണത്തില്‍ തെളിവ് നല്കാന് പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. മദ്യക്കമ്പനി വന്നതുകൊണ്ട് മദ്യപാനവും വര്‍ദ്ധിക്കില്ല. കാരണം കമ്പനി വന്നാലും വന്നില്ലെങ്കിലും ബിവറേജസിന് മാത്രമാണ് കേരളത്തില്‍ മദ്യ വില്‍പ്പനയ്ക്ക് അനുമതിയുള്ളത്. പ്രതിപക്ഷം ഉയര്‍ത്തുന്ന ജലദൗര്‍ലഭ്യം മാത്രമാണ് പ്രധാന വിഷയം. എന്നാല്‍, ഇക്കാര്യം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പരിഹരിക്കാന്‍ സാധിച്ചാല്‍ ഒട്ടേറെ മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന വ്യവസായമാകും ഇത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവര്‍ കമ്പനിക്കുവേണ്ടി ശ്രമിക്കുമ്പോള്‍ കേരളത്തില്‍ സമരം ചെയ്ത് ഇല്ലാതാക്കുകയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. ഇതുസംബന്ധിച്ച് ഫേസ്ബുക്കില്‍ വൈറലാകുന്ന കുറിപ്പില്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്,
കേരളത്തില്‍ ഒരു ഡിസ്റ്റിലറി വന്നാല്‍ കേരളീയരുടെ മദ്യപാനം വര്‍ദ്ധിക്കുമോ? അങ്ങനെയൊരു വാദം കാണുന്നുണ്ട്. ഇത് എങ്ങനെ സംഭവിക്കും എന്നുമാത്രം മനസ്സിലാവുന്നില്ല!
കേരളത്തിലെ മദ്യം വില്‍ക്കുന്ന സിസ്റ്റം എന്റെ അറിവില്‍ ഇങ്ങനെയാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തുക.
ബാറുകളിലൂടെയും ക്ലബ്ബുകളിലൂടെയും ബെവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും റീട്ടെയില്‍ ഷോപ്പുകളിലൂടെയുമാണ് കേരളത്തില്‍ മദ്യം വില്‍ക്കുന്നത്... ബാറുകളും ക്ലബുകളുമൊക്കെ ബെവറേജസ് കോര്‍പ്പറേഷനില്‍ നിന്നാണ് മദ്യം വാങ്ങുന്നത്...
മേല്‍പ്പറഞ്ഞ മാര്ഗ്ഗങ്ങളിലൂടെയൊക്കെ ഒരു വര്‍ഷം എത്ര മദ്യം വില്ക്കപ്പെടും എന്ന് കണക്കുകൂട്ടി അതനുസരിച്ച് മദ്യം ശേഖരിക്കാനായി ബെവ്കോ വര്‍ഷാവര്‍ഷം ടെന്‍ഡറുകള്‍ ക്ഷണിക്കും. ഇന്ത്യയിലുള്ള ഇന്ത്യന്‍ മേഡ് ഫോറിന് ലിക്കര്‍, ബീര്‍, വൈന്‍ ഉത്പാദകര്‍ക്ക് അവരുടെ ഉത്പന്നം ബെവ്കോ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുക്കാം. അപ്രൂവ് ചെയ്യപ്പെട്ട ഓരോ ബ്രാന്‍ഡ് മദ്യവും ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്ന വിലയ്ക്ക് വാങ്ങണോ വേണ്ടയോ എന്ന തീരുമാനം ബെവ്കോ എടുക്കും. ഫോറിന് മേഡ് ഫോറിന് ലിക്കറും ഇതേ രീതിയില്‍ വാങ്ങും.
ഈ മദ്യമാണ് ബെവ്കോയുടെ വെയര്‍ഹൗസുകളില്‍ നിന്ന് ബെവ്കോ ഷോപ്പുകളിലേയ്ക്കും ബാറുകളിലേയ്ക്കും ക്ലബുകളിലേയ്ക്കും പോവുന്നത്. പൊതുജനങ്ങള്‍ക്ക് ലഭ്യമായ മദ്യം ഇതാണ്.
ബെവ്കോ ഈ പ്രക്രീയയിലൂടെ വാങ്ങുന്ന മദ്യത്തിന്റെ സിംഹഭാഗവും കേരളത്തിന് പുറത്തുനിന്നാണ് വരുന്നത്.
കേരളത്തില്‍ പുതുതായി സ്ഥാപിക്കപ്പെടുന്ന ഡിസ്റ്റിലറിയും ലേലത്തില്‍ പങ്കെടുത്ത് ബെവ്കോയ്ക്ക് സ്വീകാര്യമായ തുക ക്വോട്ട് ചെയ്താലേ ബെവ്കോ അവിടെനിന്ന് മദ്യം വാങ്ങൂ!
അവര്‍ക്ക് നേരിട്ട് റീട്ടെയില്‍ ഷോപ്പ് തുറന്ന് കേരളത്തില്‍ മദ്യം വില്ക്കാന് സാധിക്കില്ല!
പുതിയൊരു ഡിസ്റ്റിലറി കേരളത്തില്‍ വന്നതല്ലേ, കുറച്ച് കൂടുതല്‍ മദ്യം ഈ വര്‍ഷം കഴിച്ചേയ്ക്കാം എന്ന് ഇനിയെങ്ങാനും കേരളത്തിലെ മദ്യ ഉപഭോക്താക്കള്‍ തീരുമാനിക്കുമോ?
ഇല്ല!
ഇനി ഇതുവരെ കുടിക്കാത്ത പുതിയ ബ്രാന്‍ഡ് മദ്യം വരുന്നതുകൊണ്ട് മലയാളികള്‍ കൂടുതല്‍ മദ്യപാനം നടത്തുമോ?
ഇല്ല! ഓള് സീസണ്‍സ്, റോയല്‍ ആംസ് തുടങ്ങി ബെവ്കോയുടെ പ്രൈസ് ലിസ്റ്റില്‍ ഉള്ള മദ്യബ്രാന്‍ഡുകളാണ് കേരളത്തില്‍ നിക്ഷേപിക്കാന്‍ പോവുന്ന ഒയാസിസ് എന്ന മധ്യപ്രദേശ് ആസ്ഥാനമായ കമ്പനി ഉത്പാദിപ്പിക്കുന്നത് എന്നാണ് സെര്‍ച്ച് ചെയ്ത് നോക്കിയിട്ട് മനസ്സിലായത്...
അപ്പോള്‍ ഈ പുതിയ ഡിസ്റ്റിലറി വന്നതുകൊണ്ട് എങ്ങനെ മദ്യ ലഭ്യതയോ മദ്യ ഉപഭോഗമോ വര്‍ദ്ധിക്കും?
വര്‍ദ്ധിക്കില്ല!
ഇവര്‍ തുടര്‍ന്നും ബെവ്കോയുടെ ക്വട്ടേഷന്‍ പ്രക്രീയയില്‍ വിജയിച്ചാല്‍ മധ്യപ്രദേശിലെ തൊഴിലാളിക്ക് പോകാനിരിക്കുന്ന ശമ്പളം ഭാവിയില്‍ കേരളത്തിലെ തൊഴിലാളിക്ക് ലഭിക്കും!
അത് ഒരു മോശം കാര്യമല്ല!