ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ വിസ്മയം സൃഷ്ടിച്ച എസ് എസ് രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന ദൃശ്യ വിസ്മയം വീണ്ടും തിയേറ്ററുകളിലേക്ക്. 'ബാഹുബലി ദി എപ്പിക്ക്' എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവില്‍ ആണ് റീ റിലീസ് ചെയ്യുന്നത്. 2015ല്‍ ബാഹുബലി - ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ല്‍ ബാഹുബലി 2 - ദി കണ്‍ക്ലൂഷനും ബോക്‌സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.
ബാഹുബലിയുടെ ആദ്യ ഭാഗം റിലീസ് ആയി പത്ത് വര്‍ഷം തികയുന്ന വേളയില്‍ സിനിമാസ്‌നേഹികള്‍ക്ക് ബാഹുബലിയെ വീണ്ടും വലിയ സ്‌ക്രീനില്‍ കാണാനുള്ള അവസരം എത്തുന്നു. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിര്‍മ്മാണ - വിതരണ കമ്പനിയായ സെഞ്ചുറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഒക്ടോബര്‍ 31 നാണ് റിലീസ്. ചിത്രം ഇന്ത്യയില്‍ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.