വഖഫ് സമരങ്ങളെ യോഗി സ്റ്റൈലിൽ നേരിട്ടാൽ പ്രതിരോധിക്കും : വെൽഫെയർ പാർട്ടി

07:40 PM Apr 09, 2025 | AVANI MV

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സോളിഡാരിറ്റി, എസ്ഐഒ എന്നീ സംഘടനകൾ സംയുക്തമായി പ്രഖ്യാപിച്ച ഉപരോധ സമരത്തെ ജനാധിപത്യ വിരുദ്ധ രീതിയിൽ തടയിടാനുള്ള പോലീസിന്റെ നീക്കം പ്രതിഷേധാർഹവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

കൊണ്ടോട്ടി ഡിവൈഎസ്‌പി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സമരത്തിന് പ്രവർത്തകരെ കൊണ്ട് വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഉടമസ്ഥർക്കെതിരെ കേസെടുക്കുകയും ചെയ്യുമെന്നാണ് ഭീഷണി.  ഇത് ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ, സുപ്രീം കോടതി പോലും വിമർശിച്ച, പോലീസ് രാജിനെ ഓർമ്മപ്പെടുത്തുന്നതാണ്. ലോകസഭയിലും പുറത്തും വഖഫ് ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിപിഐഎം ഭരിക്കുന്ന കേരളത്തിൽ അതേ നിയമത്തിനെതിരെ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ പോലും പൈശാചികമായി നേരിടാനുള്ള തീരുമാനം അവരുടെ വിഷയത്തിലെ ഇരട്ടത്താപ്പ് ആണ് വെളിപ്പെടുത്തുന്നത്.

പൗരത്വ സമര കാലത്തെ കേസുകൾ ഇതുവരെയും എഴുതിത്തള്ളാത്ത സർക്കാർ ആണ് ഇപ്പോൾ വീണ്ടും ബിജെപിയെ പ്രീണിപ്പിക്കുന്ന നിലപാടുമായി വന്നിരിക്കുന്നത്. സർക്കാർ ഈ നിലയിൽ ആണ് സമരങ്ങളെ നേരിടാൻ തീരുമാനിക്കുന്നതെങ്കിൽ ശക്തമായ ജനാധിപത്യ പ്രതിരോധങ്ങൾ പൊതുജനങ്ങളെ അണിനിരത്തി വെൽഫെയർ പാർട്ടി സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ പറഞ്ഞു