ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍. സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മറ്റി യോഗവും ഫിലിം ചേംബറിന്റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട ദുരനുഭവത്തില്‍ ഇന്റേണല്‍ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍.
ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. ഐസിയില്‍ ഉയര്‍ന്നുവന്ന തീരുമാനങ്ങള്‍ അടക്കം ചേംബറില്‍ ചര്‍ച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികള്‍ അറിയിക്കും. ഇതിനിടെ, വിന്‍സി ഉന്നയിച്ച പരാതിയില്‍ ഷൈന്‍ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നല്‍കിയില്ല.
വിഷയത്തില്‍ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുന്‍പാകെ വിശദീകരണം നല്‍കാന്‍ ഷൈനിനു നല്‍കിയ സമയം അവസാനിച്ചു. ഷൈനിന്റെ അച്ഛന്‍ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്‌ഹോക്ക് കമ്മറ്റി മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യും. കൊച്ചിയില്‍ നടക്കുന്ന ഐസി യോഗം കൂടി പരിഗണിച്ച് സംഘടന ഷൈനിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയേക്കും.